Last Updated on 19 Oct 2026 • 2:45 PM by Openzone Online

വണ്ടിപ്പെരിയാർ: വളർത്തുമൃഗങ്ങളെ ആക്രമിച്ച പേപ്പട്ടിയെ പിടികൂടിയതോടെ ആശ്വാസത്തിൽ വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ആറ്റോരം നിവാസികൾ. ഇന്ന് രാവിലെ പത്തുമണിയോടെയാണ് പ്രദേശത്ത് പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ ആക്രമണമുണ്ടായത്.
ഇതുവഴി ഓടിനടന്ന നായ വളർത്തുനായ്ക്കളെയും പശുവിനെയും കടിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി. തുടർന്ന് ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് പി.കെ. ഗോപിനാഥന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തുചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ നായയെ പിടികൂടുകയായിരുന്നു.
പ്രദേശത്ത് തെരുവുനായ ശല്യം ആശങ്കയുയർത്തുന്നതിനിടെ, വളർത്തുമൃഗങ്ങളെ ആക്രമിച്ച നായയെ പിടികൂടാനായത് നാട്ടുകാർക്ക് ആശ്വാസമായി. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ തെരുവുനായ ശല്യം അടുത്തകാലത്തായി വർദ്ധിച്ചിരുന്നു. വിഷയത്തിൽ പഞ്ചായത്ത് അടിയന്തരമായ ഇടപെടാൻ നടത്തണമെന്ന് പൊതുപ്രവർത്തകർ ആവശ്യപ്പെട്ടു.

