Last Updated on 19 Oct 2026 • 7:07 AM by Openzone Online

Advertisement

വണ്ടിപ്പെരിയാർ: ദുർഗാഷ്ടമി ദിനത്തിൽ സംസ്ഥാനവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടും ഫാം തൊഴിലാളികളെ അവധിയുടെ പരിധിയിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് തൊഴിലാളികൾ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ 62-ാം മൈലിലെ സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി.

ഒക്ടോബർ 19-ന് ദുർഗാഷ്ടമി പ്രമാണിച്ച് സംസ്ഥാനവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫാം തൊഴിലാളികളെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നത്. സർക്കാർ പ്രഖ്യാപിക്കുന്ന പൊതുഅവധികൾ, നിയന്ത്രിത അവധികൾ, പ്രാദേശിക അവധികൾ എന്നിവയുടെ ആനുകൂല്യങ്ങളിൽനിന്ന് ഫാം തൊഴിലാളികൾ പലപ്പോഴും ഒഴിവാക്കപ്പെടുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.

മാറിമാറി വരുന്ന സർക്കാരുകൾ ഈ വിഷയത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നില്ലെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഫാമുകളിൽ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാറിലും ധർണ നടന്നത്. തൊഴിലാളികളുടെ പ്രതിഷേധം സർക്കാർ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികൾ മുദ്രാവാക്യങ്ങൾ മുഴക്കി. തുടർന്ന് ഹാജർ രേഖപ്പെടുത്തി തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചു. സൂചനാ സമരമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഭാവിയിൽ പ്രഖ്യാപിക്കുന്ന പൊതുഅവധികളിൽ ഫാം തൊഴിലാളികളെയും ഉൾപ്പെടുത്തി അവധി ആനുകൂല്യം ഉറപ്പാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed