Last Updated on 15 Oct 2026 • 8:44 AM by Openzone Online

ചെറുതോണി :കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിലാണ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ഹർത്താലിനെതിരെ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ മുന്നണി ഈ നാട്ടിൽ സൃഷ്ടിച്ചുവെച്ച ഭൂപ്രശ്നങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് എം.ജെ. ജേക്കബ് ആരോപിച്ചു. ഈ പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ ഇപ്പോൾ ഹർത്താൽ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും എം.ജെ. ജേക്കബ് ആരോപിച്ചു.
ചെറുതോണിയിലെ പാർട്ടി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബിന്റെ അധ്യക്ഷതയിലാണ് സംഘടിപ്പിച്ചത്.
നേതാക്കന്മാരായ ഷീലാ സ്റ്റീഫൻ, തോമസ് പെരുമന, എം. മോനിച്ചൻ, സിനു വാലുംമേൽ, എം.ജെ. കുര്യൻ, വർഗീസ് വെട്ടിയാങ്കൽ, ബി.എ. ഉലഹന്നാൻ, വർഗീസ് സക്കറിയ, ജോയി കൊച്ചുകരോട്ട്, വിൻസന്റ് വള്ളാടി, ബിജു പോൾ, ബെന്നി പുതുപ്പാടി, ജോസ് പൊട്ടൻപ്ലാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

