Last Updated on 13 Oct 2026 • 7:01 AM by Openzone Online

Advertisement

കഞ്ഞിക്കുഴി: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനെതിരെ കഞ്ഞിക്കുഴി പഞ്ചായത്തിൽ വ്യാപക പ്രതിഷേധം. കഞ്ഞിക്കുഴി–വാകച്ചുവട്–റീത്ത് പള്ളി റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡിലൂടെ പോകേണ്ട പൈപ്പ് ലൈൻ, വിശദമായ പദ്ധതി രേഖയായ ഡിപിആർ തിരുത്തി പഞ്ചായത്ത് റോഡിലൂടെ സ്ഥാപിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ടാറിങ് നടത്തി സൈഡുകളിൽ ഐറിഷ് ഓടകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയ റോഡാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്നത്. വലിയ പൈപ്പുകൾ ഇടുന്നതിനായി റോഡിന്റെ വശങ്ങൾ പൊളിച്ചതോടെ പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനൊപ്പം പ്രദേശവാസികൾക്ക് യാത്രാതടസ്സവും സൃഷ്ടിക്കപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു.

പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മേൽനോട്ടം വഹിക്കാൻ വാട്ടർ അതോറിറ്റിയുടെ ഓവർസിയറോ ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ ഇല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമാണ് പലപ്പോഴും സ്ഥലത്ത് ജോലി ചെയ്യുന്നതെന്നും പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ അധികൃതരുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൽ പഞ്ചായത്ത് അധികൃതരുടെ ഇടപെടലും ഫലപ്രദമല്ലെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി മടങ്ങിയെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനകരമായ തുടർനടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.

പൊതുപണം ചെലവഴിച്ച് നിർമിച്ച റോഡുകൾ വീണ്ടും വെട്ടിപ്പൊളിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ഡിപിആറിൽ മാറ്റം വരുത്തിയതിന്റെ കാരണവും പഞ്ചായത്ത് റോഡിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും അധികൃതർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വാട്ടർ അതോറിറ്റിയിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് പ്രവൃത്തികൾ പരിശോധിക്കണമെന്നും പൊളിച്ച റോഡും ഐറിഷ് ഓടകളും ഗുണനിലവാരത്തോടെ പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് വാർഡ് മെമ്പർ ദീപ, പൊതുപ്രവർത്തകരായ ബെന്നി തോമസ് കണ്ണംപ്ലാക്കൽ, സുനിൽ കൊടുങ്ങായിൽ, ശിവദാസ് എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed