Last Updated on 12 Oct 2026 • 1:49 AM by Openzone Online

Advertisement

ചെറുതോണി: മഴ ശക്തമാകുമ്പോൾ ചെറുതോണി ടൗണിലെ റോഡുകളിലൂടെയും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലൂടെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകുന്നത് പതിവാകുന്നു.

ചില വ്യാപാരസ്ഥാപനങ്ങൾ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാത്തതും മഴവെള്ളത്തിനൊപ്പം മാലിന്യങ്ങൾ ഒഴുക്കിവിടുന്നതുമാണ് പരിസര മലിനീകരണത്തിന് കാരണമാകുന്നത്.

(കവറിൽ കെട്ടി ഒഴുക്കിവിട്ട മാലിന്യങ്ങൾ മഴ വെള്ളത്തിൽ ഒഴുകി സ്റ്റോണേജ് കോംപ്ലക്സിന് മുന്നിൽ കിടക്കുന്ന ദൃശ്യം)

ഇത്തരത്തിൽ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമീപത്തെ ഓടകളിൽ അടിഞ്ഞുകൂടുകയും ഒരു ഭാഗം ചെറുതോണിപ്പുഴയിലേക്ക് എത്തുകയും ചെയ്യുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മഴയത്ത് ചെറുതോണി ടൗണിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡുകളിലും കടകളുടെ തിണ്ണകളിലും വെള്ളക്കെട്ടുകളിലും ചിതറിക്കിടക്കുന്ന കാഴ്ചയാണ് കാണുന്നത്.

(മഴയിൽ നനഞ്ഞ് വ്യാപാര സ്ഥാപനത്തിൻറെ മുന്നിൽ കിടക്കുന്ന മാലിന്യം)

വ്യാപാരസ്ഥാപനങ്ങളുടെ മുറ്റത്ത് മാലിന്യം ശേഖരിക്കുന്നതിനുള്ള ബോക്സുകളോ മറ്റ് സംവിധാനങ്ങളോ ഒരുക്കാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. മഴവെള്ളത്തിന്റെ ഒഴുക്കിൽപ്പെടുന്ന മാലിന്യങ്ങൾ ഓടകളിൽ അടിഞ്ഞുകൂടുന്നത് നീരൊഴുക്കിനെയും ബാധിക്കാനിടയുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മഴവെള്ളത്തിനൊപ്പം ഒഴുക്കിവിടുന്നതും എളുപ്പവഴിയായി കാണുന്ന ചിലരുടെ നടപടി പൊതുസമൂഹത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാകുകയാണ്.

മാലിന്യങ്ങൾ ഓടകളിൽനിന്ന് ജലാശയങ്ങളിലേക്ക് എത്തുന്നത് ജലമലിനീകരണത്തിനും ജലജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷമുണ്ടാകുന്നതിനും കാരണമാകാം. മാലിന്യങ്ങൾ നിറഞ്ഞ റോഡുകളും കടകളുടെ പരിസരങ്ങളും ടൗണിന്റെ സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമസേനയുടെ സേവനം ലഭ്യമായിട്ടും ചില വ്യാപാരസ്ഥാപനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ശേഖരിക്കുന്നതിനും കൈമാറുന്നതിനും പകരം മഴവെള്ളത്തിനൊപ്പം ഒഴുക്കിവിടുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് ആവശ്യം.ടൗണിലെ മാലിന്യപ്രശ്നത്തിൽ പഞ്ചായത്ത് അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവും ഉയരുന്നു.

മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പരിശോധനയും ബോധവൽക്കരണവും ആവശ്യമായ നിയമനടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed