Last Updated on 10 Oct 2026 • 9:49 AM by Openzone Online

ചെറുതോണി: ഗിരിജ്യോതി കോളേജ്–ഗിരിജ്യോതി സ്കൂൾ റോഡ് ചെളിനിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായ നിലയിൽ. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴിയാണ് തകർന്നുകിടക്കുന്നത്.
ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സ്കൂൾ ബസുകളിലുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിലെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

സ്വകാര്യ വ്യക്തികൾ വർഷങ്ങൾക്കുമുമ്പ് ഓടകൾ കൈയേറി സംരക്ഷണഭിത്തികൾ നിർമിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെട്ടതായും ആരോപണമുണ്ട്. വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തിലെ എല്ലാ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കുമെന്ന് പ്രസിഡന്റ് ആൻസി തോമസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി റോഡ് പുനർനിർമിക്കാൻ ഇനിയും സമയമെടുക്കുമെന്ന സാഹചര്യത്തിൽ, മഴ തുടരുന്നതിനാൽ വിദ്യാർഥികളുടെ യാത്ര കൂടുതൽ ദുരിതത്തിലാകുകയാണ്.
റോഡിൽ അടിയന്തരമായി താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുഗമമാക്കണമെന്നും വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

