Last Updated on 08 Oct 2026 • 6:45 AM by Openzone Online

Advertisement

ചെറുതോണി: വനം-വന്യജീവി വാരാചരണത്തിന്റെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ എൻസിസി വിഭാഗം കേഡറ്റുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രക്കിങ് നടത്തി. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രാധാന്യവും വനത്തിൽ നിശബ്ദത പാലിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്ത് നടക്കുന്ന വനം-വന്യജീവി വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വനത്തെ അടുത്തറിയുന്നതിനൊപ്പം മൃഗങ്ങളുടെ ആവാസവ്യവസ്ഥ, ഔഷധസസ്യങ്ങൾ, വിവിധയിനം ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ചും വനപാലകർ കേഡറ്റുകൾക്ക് വിശദീകരിച്ചു. വനത്തിൽ നിശബ്ദത പാലിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.

60 എൻസിസി കേഡറ്റുകൾ ട്രക്കിങ്ങിൽ പങ്കെടുത്തു. വനം-വന്യജീവി സംരക്ഷണ പ്രതിജ്ഞ, ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പഠനം, പക്ഷിനിരീക്ഷണം, ‘പങ്കിട്ട ഭാവി ആഘോഷിക്കുന്ന – മനുഷ്യനും വന്യജീവികളും ഒരുമിച്ച്’ എന്ന വിഷയത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നയിച്ച സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.തുടർന്ന് കേഡറ്റുകൾ വനത്തിലൂടെ കടന്നുപോകുന്ന തൊടുപുഴ–പുളിയൻമല റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പ്രസാദ് കുമാർ ബി., ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനീഷ് പി.പി., റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീഷ് പി.ആർ., ബീറ്റ് ഫോറസ്റ്റ് ഓഫീസർ കണ്ണൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ഓഫീസർ ഗോപാലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനീഷ് എന്നിവർ സംസാരിച്ചു.എൻസിസി 33 ബറ്റാലിയൻ സി.ക്യു.എം.എസ്. ഹർമേന്ദ്ര സിംഗ്, സുബൈധാർ ദേവേന്ദ്ര സിംഗ്, എൻസിസി ഫസ്റ്റ് ഓഫീസർ മധു കെ. ജയിംസ്, ബിനോയി വർഗീസ്, കേഡറ്റുകളായ സി.പി.എൽ. നവനീത് കൃഷ്ണ എൻ., സി.പി.എൽ. അൻസു മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *