Last Updated on 06 Oct 2026 • 4:56 AM by Openzone Online

Advertisement

തൊടുപുഴ: നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് രേഖകളില്ലാതെ 7.31 ലക്ഷം രൂപ പിൻവലിച്ച് സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ പണം ലഭിച്ച വ്യക്തി അറസ്റ്റിൽ. ചിന്നക്കനാൽ സ്വദേശിയായ ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് സീനിയർ അക്കൗണ്ടന്റും അന്നത്തെ സെക്രട്ടറി ഇൻചാർജും ഒപ്പിട്ട ചെക്കിലൂടെയാണ് തുക പിൻവലിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ നഗരസഭയിൽ കണ്ടെത്താനായിട്ടില്ല. തുടർന്ന് തുക അറസ്റ്റിലായ വ്യക്തിയുടെ അക്കൗണ്ടിലേക്ക് എത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അക്കൗണ്ടിൽ എത്തിയ പണം ഇയാൾ ചെലവഴിച്ചതായും വിവരമുണ്ട്. എന്നാൽ നഗരസഭയുടെ പണം അനധികൃതമായി മാറ്റുന്നതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടായിരുന്നോ എന്നത് നിലവിൽ വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷണത്തിലാണ്. പണം ലഭിച്ച ശേഷം തുക തിരിച്ചടയ്ക്കാൻ ഇയാൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സത്തെ തുടർന്ന് ഇടപാട് പൂർത്തിയാക്കാൻ ആയില്ലെന്നാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. പുതിയ സെക്രട്ടറി നടത്തിയ കണക്കുപരിശോധനയിലാണ് സംഭവം പുറത്തുവന്നത്. നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് വിഭാഗവും അന്വേഷണം തുടരുകയാണ്.

അന്വേഷണം പൂർത്തിയാകുന്നതോടെ പണം പിൻവലിച്ച ഉദ്യോഗസ്ഥർക്കും അക്കൗണ്ടിലേക്ക് തുക എത്തിയ വ്യക്തിക്കും സംഭവത്തിലുള്ള യഥാർഥ പങ്ക് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed