Last Updated on 23 Sep 2026 • 2:34 PM by Openzone Online

Advertisement

ചെറുതോണി: മണ്ണിൽ വിത്ത് പാകിയപ്പോൾ അത് ഒരു പച്ചക്കറി ചെടിയായി മാത്രം വളർന്നില്ല… കുട്ടികളുടെ സ്വപ്നങ്ങൾക്കും ആത്മവിശ്വാസത്തിനും അത് വേരുറപ്പിച്ചു. സ്വന്തം കൈകളാൽ നട്ടുവളർത്തിയ വിളകൾ വിളവെടുത്ത്, അധ്വാനത്തിന്റെ സന്തോഷം അനുഭവിച്ച് അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ.

സ്കൂളിലെ വൊക്കേഷണൽ യൂണിറ്റിന്റെ ഭാഗമായി പോളിഹൗസിൽ വിദ്യാർഥികൾ ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം പ്രഭ തങ്കച്ചൻ നിർവഹിച്ചു.വള്ളിപ്പയർ, ബട്ടർ ബീൻസ്, തക്കാളി, വഴുതന, പച്ചമുളക്, ചീര തുടങ്ങി വിവിധയിനം പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി, കറ്റാർവാഴ തുടങ്ങിയവയും പോളിഹൗസിൽ വിദ്യാർഥികൾ കൃഷി ചെയ്യുന്നുണ്ട്.

വിത്ത് നടുന്നതു മുതൽ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടവും കുട്ടികൾക്ക് ഒരു പാഠപുസ്തകമാണ്. മണ്ണൊരുക്കുന്നതും വിത്ത് നടുന്നതും ചെടികൾക്ക് വെള്ളവും വളവും നൽകുന്നതും പരിചരിക്കുന്നതും വിളവെടുക്കുന്നതുമെല്ലാം വിദ്യാർഥികൾ നേരിട്ട് ഏറ്റെടുത്താണ് ചെയ്യുന്നത്. വൊക്കേഷണൽ ഇൻസ്ട്രക്ടർ സിസ്റ്റർ ജെസ്‌വിന്റെ നേതൃത്വത്തിലാണ് കൃഷി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കൃഷിയിലൂടെ ഒരു തൊഴിൽ പരിശീലനം മാത്രമല്ല, സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കാനും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും കൂട്ടായ്മയോടെ മുന്നേറാനും സ്വയംപര്യാപ്തതയിലേക്ക് ചുവടുവയ്ക്കാനും കുട്ടികൾ പഠിക്കുന്നു.

പഠനമുറിയുടെ ചുവരുകൾക്കപ്പുറത്തേക്ക് ജീവിതത്തെ പരിചയപ്പെടാനുള്ള അവസരമാണ് പോളിഹൗസ് കൃഷിയിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്. സ്വന്തം കൈകളാൽ നട്ടുവളർത്തിയ ഒരു ചെടിയിൽ ആദ്യത്തെ കായ കാണുമ്പോഴും, മാസങ്ങളുടെ പരിചരണത്തിനൊടുവിൽ അത് വിളവെടുക്കുമ്പോഴും കുട്ടികളുടെ മുഖത്ത് തെളിയുന്നത് അധ്വാനത്തിന്റെ വിജയവും ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമാണ്.

വ്യത്യസ്ത കഴിവുകളുള്ള ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ കണ്ടെത്തി അവയെ പ്രായോഗിക പരിശീലനത്തിലൂടെ വളർത്തിയെടുക്കുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. തൊഴിൽ നൈപുണ്യത്തിനൊപ്പം ജീവിത നൈപുണ്യങ്ങളും വളർത്തിയെടുക്കുന്ന രീതിയിലാണ് പരിശീലനം.കൃഷി പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എയ്ഞ്ചൽറാണിയുടെ നേതൃത്വത്തിൽ ആവശ്യമായ പിന്തുണയും മാർഗനിർദേശവും ലഭിക്കുന്നുണ്ട്.

വിദ്യാർഥികളുടെ താൽപര്യങ്ങളും കഴിവുകളും തിരിച്ചറിഞ്ഞ് അവ കൂടുതൽ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പ്രായോഗിക പരിശീലന പ്രവർത്തനങ്ങൾ സ്കൂളിൽ തുടർന്നും നടപ്പാക്കിവരികയാണ്. മണ്ണിൽ വീണ ഓരോ വിത്തും ഇവിടെ ഒരു പ്രതീക്ഷയാണ്…മുളച്ചുവരുന്ന ഓരോ ചെടിയും ഒരു സാധ്യതയാണ്…വിളവെടുക്കുന്ന ഓരോ കായയും കുട്ടികളുടെ ആത്മവിശ്വാസത്തിന്റെ വിജയമാണ്. അമൽജ്യോതിയിലെ ഈ പോളിഹൗസ് കൃഷി, കഴിവുകൾക്ക് പരിമിതികളില്ല എന്ന വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed