Last Updated on 17 Sep 2026 • 10:08 AM by Openzone Online

തൊടുപുഴ: ലഹരി വിരുദ്ധ പരിശോധനയുടെ ഭാഗമായി പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാനിൽ തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജ് പിടിയിൽ. ആളൊഴിഞ്ഞ സ്ഥലത്ത് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ സനീഷ് ജോർജിനൊപ്പം മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് എത്തുമ്പോഴേക്കും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്. സനീഷ് ജോർജിന്റെ കൈവശം നിന്ന് എംഡിഎംഎ നേരിട്ട് കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എന്നാൽ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന സിറിഞ്ചും മറ്റ് വസ്തുക്കളും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചുവരികയാണ്. അതേസമയം, സനീഷ് ജോർജിന് ലഹരി വിൽപ്പനയുമായോ വിതരണവുമായി ബന്ധപ്പെട്ട ഇടപാടുകളുമായോ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് സൂചന. നിലവിലെ കേസിന്റെ സ്വഭാവവും അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളും അടിസ്ഥാനമാക്കി തുടർനടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.തൊടുപുഴ നഗരസഭയുടെ മുൻ ചെയർമാനായിരുന്ന സനീഷ് ജോർജ് യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച ശേഷം എൽഡിഎഫ് പിന്തുണയോടെയാണ് അധ്യക്ഷ സ്ഥാനത്തെത്തിയത്.
പിന്നീട് കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് 2024ൽ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു.

