Last Updated on 01 Sep 2026 • 12:10 PM by Openzone Online

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ ആരോഗ്യവകുപ്പിന്റെ നടപടി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചു.
രാത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ബന്ധുക്കളോടും ഡോക്ടർ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പനിയും ശരീരവേദനയും പോലുള്ള അസുഖങ്ങൾക്ക് എമർജൻസി വിഭാഗത്തിൽ ചികിത്സ തേടേണ്ടതുണ്ടോ എന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
“ആശുപത്രി തുറന്നുവച്ചിരിക്കുന്നത് രോഗികൾ ഓടിക്കയറാനല്ല” എന്ന തരത്തിലുള്ള ഡോക്ടറുടെ പ്രതികരണവും ദൃശ്യങ്ങളിൽ കേൾക്കാം.സംഭവം സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ വിഷയത്തിൽ ഇടപെടുകയായിരുന്നു. കാഷ്വാലിറ്റി പോലുള്ള അടിയന്തര ചികിത്സാ വിഭാഗത്തിൽ രോഗികളോടുള്ള ആരോഗ്യപ്രവർത്തകരുടെ പെരുമാറ്റം സംബന്ധിച്ചും സംഭവം ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി സംഭവത്തിന്റെ പൂർണ പശ്ചാത്തലം വിലയിരുത്താനാകില്ലെന്ന നിലപാടുമുണ്ട്. രോഗിയുടെ പരാതി, ഡോക്ടറുടെ വിശദീകരണം, അന്വേഷണ റിപ്പോർട്ട് എന്നിവ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.രോഗിയുമായുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായതോടെ, സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

