Last Updated on 29 Aug 2026 • 5:40 AM by Openzone Online

തിരുവനന്തപുരം: ചതയദിനാഘോഷ പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞെന്ന കേസിൽ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം. സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന.
ശ്രീകാര്യം-ചേന്തി മേഖലയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാന പ്രാദേശിക നേതാവാണ് ചേന്തി അനിൽ. എസ്എൻഡിപി യൂണിയന്റെ പ്രാദേശിക ഭാരവാഹി കൂടിയായ അനിലിന് മേഖലയിൽ രാഷ്ട്രീയ-സാമുദായിക രംഗത്ത് സ്വാധീനമുണ്ട്.
ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനം സംഘാടകർ കൈകാണിച്ച് തടഞ്ഞതാണ് കേസിന് ആസ്പദമായ സംഭവം. മുഖ്യമന്ത്രി കാറിൽനിന്ന് പുറത്തിറങ്ങിയെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു. തുടർന്ന് സംഘാടകർ പ്രതിഷേധിക്കുകയും സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി പട്ടികയിൽ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നതായി ചേന്തി അനിൽ പറഞ്ഞു. പോലീസ് നിർദേശപ്രകാരം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെന്നും, ഉറപ്പ് നൽകിയ പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേരിട്ട് ക്ഷണിക്കാനാണ് വാഹനം കൈകാണിച്ച് നിർത്തിയതെന്നും അനിൽ വ്യക്തമാക്കി.
അനാദരവോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നടപടി രാഷ്ട്രീയ വേട്ടയാടലാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും നേതൃത്വം വ്യക്തമാക്കി.
