Last Updated on 05 Jun 2026 • 2:41 PM by Openzone Online

ചെറുതോണി:പൈനാവ് എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐ.പി.എസ്. യുടെ നിർദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിജു പി.എസ്.യുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ രജിത് നാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജെൻസൺ, സയോൺ എന്നിവരടങ്ങിയ തൂഫാൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കണ്ടെത്തിയ എട്ട് കഞ്ചാവ് ചെടികളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഇടുക്കി ജില്ലയിൽ ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
