Last Updated on 07 May 2026 • 2:22 PM by Openzone Online

തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സാഹചര്യത്തിൽ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുകയാണ്. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് ലഭിക്കാവുന്ന മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള പ്രാഥമിക പരിഗണന പട്ടികകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ വിലയിരുത്തലുകൾ.
ലഭ്യമായ സൂചനകൾ പ്രകാരം മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കാമെന്ന ചർച്ചകളും ശക്തമാണ്. ആർഎസ്പിക്കും കെ.സി ജേക്കബ് വിഭാഗത്തിനും ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിൽ നിന്ന് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, ടി സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണന പട്ടികയിൽ ഉയർന്നുവരുന്നത്. ഇടുക്കിയിൽ നിന്നുള്ള റോയ് കെ പൗലോസിന്റെ പേരും ഇത്തവണ ശക്തമായി ഉയരുന്നുണ്ട്. കഴിഞ്ഞ രണ്ട് എൽ ഡി എഫ് മന്ത്രിസഭകളിലും ഹൈറേഞ്ച് മേഖലയെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉണ്ടായിരുന്ന സാഹചര്യത്തിൽ ഇത്തവണയും ഇടുക്കിക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ റോയ് കെ പൗലോസിന് മന്ത്രിസഭയിൽ ഇടം ലഭിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ഇത്തവണ ഇടുക്കിയിൽ നിന്ന് രണ്ട് മന്ത്രിമാർ ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലും ശക്തമാകുന്നു.അതേസമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ മോൻസ് ജോസഫിനും അപു ജോൺ ജോസഫിനും സാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ അന്തിമ തിരഞ്ഞെടുപ്പ് ഫലവും കക്ഷികൾ തമ്മിലുള്ള ചർച്ചകളും പൂർത്തിയായ ശേഷമേ മന്ത്രിസഭയുടെ അന്തിമ രൂപം വ്യക്തമാകൂ.
