Last Updated on 19 Sep 2026 • 6:32 AM by Openzone Online

വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള രാഷ്ട്രീയ മത്സരങ്ങൾ പതിവാകുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായൊരു മാതൃകയാണ് പൂഞ്ഞാറിൽ കണ്ടത്. എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടകനായി മുൻ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ക്ഷണിച്ചത് നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ എം.ജെയാണ്.
മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പദ്ധതി തന്റെ കാലയളവിൽ ആരംഭിച്ചതാണെന്ന വസ്തുത മറച്ചുവയ്ക്കുകയോ, ഉദ്ഘാടനം സ്വന്തം പേരിലേക്ക് മാറ്റുകയോ ചെയ്യുന്നതിന് പകരം ഫണ്ട് അനുവദിച്ച മുൻ എംഎൽഎയെ തന്നെ ഉദ്ഘാടകനാക്കുകയായിരുന്നു നിലവിലെ എംഎൽഎ.
തന്നേക്കാൾ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ യോഗ്യൻ പദ്ധതിക്ക് ഫണ്ട് അനുവദിച്ച മുൻ എംഎൽഎ തന്നെയാണെന്ന നിലപാടിലാണ് സെബാസ്റ്റ്യൻ എം.ജെ. മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ശിലാഫലകത്തിലും വ്യക്തിപരമായ രാഷ്ട്രീയ അവകാശവാദത്തിന് ഇടനൽകാതെ ഉദ്ഘാടകനായി പൂഞ്ഞാർ എംഎൽഎ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വികസന പദ്ധതികൾ ജനങ്ങളുടെ ആവശ്യത്തിനായി നടപ്പാക്കുന്നതാണ്. പക്ഷേ പദ്ധതി യാഥാർഥ്യമാകുമ്പോൾ അതിന്റെ ക്രെഡിറ്റ് ആര്ക്കെന്ന തർക്കം കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പുതിയ കാര്യമല്ല. ഒരു ജനപ്രതിനിധി ഫണ്ട് അനുവദിക്കുന്നു. മറ്റൊരാൾ അധികാരത്തിലെത്തുന്നു. ഭരണപരമായ നടപടികൾ പൂർത്തിയാക്കുന്നു. നിർമാണം പൂർത്തിയാകുന്നു. പിന്നാലെ ഉദ്ഘാടനം എത്തുമ്പോൾ പദ്ധതി മുഴുവൻ തങ്ങളുടേതാണെന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉയരുന്നു.
മുൻ ജനപ്രതിനിധി അനുവദിച്ച ഫണ്ടിൽനിന്നോ അദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയിലൂടെയോ യാഥാർഥ്യമായ വികസനപ്രവർത്തനങ്ങൾ പോലും സ്വന്തം നേട്ടമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ രീതിക്ക് ഇതോടെ ഒരു ചോദ്യം ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പൂഞ്ഞാറിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം ശ്രദ്ധേയമാകുന്നത്. ഫണ്ട് അനുവദിച്ചത് ആരാണോ, ആ വ്യക്തിയുടെ പങ്ക് അംഗീകരിക്കുകയാണ് നിലവിലെ എംഎൽഎ ചെയ്തത്. മുൻ എംഎൽഎയുടെ ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹത്തെ തന്നെ ഏൽപ്പിച്ചു. അതിലൂടെ ഒരു ലളിതമായ സന്ദേശമാണ് നൽകുന്നത്: ജനങ്ങളുടെ പണത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് രാഷ്ട്രീയ ഉടമസ്ഥാവകാശം ഒരാൾക്ക് മാത്രമല്ല.ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യമാണ്.
മുൻ എംഎൽഎയുടെ പേര് ഒഴിവാക്കി സ്വന്തം പേര് സ്ഥാപിക്കാനുള്ള അവസരം നിലവിലെ എംഎൽഎയ്ക്ക് ഉണ്ടായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. പകരം, പൂഞ്ഞാർ എംഎൽഎ എന്ന സ്ഥാനപ്പേരിലാണ് ശിലാഫലകത്തിൽ രേഖപ്പെടുത്തിയത്.
ഇത് കേവലം ഒരു ഉദ്ഘാടന ചടങ്ങിന്റെ രീതിയിലുള്ള വ്യത്യാസമല്ല. പൊതുപണം ഉപയോഗിച്ചുള്ള വികസന പദ്ധതികളെ വ്യക്തികളുടെ രാഷ്ട്രീയ നേട്ടമായി മാറ്റുന്ന പ്രവണതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയ്ക്കുള്ള അവസരം കൂടിയാണ്. ഒരു എംഎൽഎയുടെ കാലാവധി അഞ്ചുവർഷമായിരിക്കാം. എന്നാൽ ഒരു റോഡിന്റെയോ പാലത്തിന്റെയോ കെട്ടിടത്തിന്റെയോ പദ്ധതി അതിനേക്കാൾ ദീർഘകാലം നിലനിൽക്കും. അതുകൊണ്ട് തന്നെ പദ്ധതിയുടെ ചരിത്രവും അതിനായി പ്രവർത്തിച്ച ഓരോരുത്തരുടെയും പങ്കും അംഗീകരിക്കപ്പെടേണ്ടതാണ്.
ഇന്ന് അധികാരത്തിലിരിക്കുന്നവർ നാളെ പ്രതിപക്ഷത്തായേക്കാം. ഇന്ന് പ്രതിപക്ഷത്തുള്ളവർ നാളെ ഭരണത്തിലേക്കെത്തിയേക്കാം. അപ്പോൾ മുൻഗാമികൾ ചെയ്തതെല്ലാം മായ്ച്ചുകളഞ്ഞ് പുതിയ ചരിത്രം എഴുതാൻ ശ്രമിക്കുന്ന രാഷ്ട്രീയ സംസ്കാരം വികസനത്തിന്റെ യഥാർത്ഥ ചരിത്രത്തോടും ജനങ്ങളോടും നീതി പുലർത്തുന്നതല്ല.
പദ്ധതി പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിനെക്കാൾ, പദ്ധതി യാഥാർഥ്യമാക്കാൻ മുൻപ് പ്രവർത്തിച്ചവരുടെ സംഭാവന അംഗീകരിക്കുന്നതാണ് വലിയ രാഷ്ട്രീയ പക്വത.അതുകൊണ്ടുതന്നെ, മുൻ എംഎൽഎമാരുടെ ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതികളും അവർ ആരംഭിച്ച വികസനപ്രവർത്തനങ്ങളും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നവർക്ക് പൂഞ്ഞാറിലെ ഈ സമീപനം കണ്ടുപഠിക്കാം.
പദ്ധതിയുടെ ഫലകത്തിൽ സ്വന്തം പേര് വലുതായി എഴുതിവയ്ക്കുന്നതിലല്ല ജനപ്രതിനിധിയുടെ മഹത്വം. താൻ ചെയ്യാത്തതിന്റെ ക്രെഡിറ്റ് വേണ്ടെന്ന് പറയാനുള്ള രാഷ്ട്രീയ മാന്യതയിലാണ്.പൂഞ്ഞാറിലെ ഈ സംഭവം അതുകൊണ്ടുതന്നെ ഒരു പാലത്തിന്റെ ഉദ്ഘാടനം മാത്രമല്ല, വികസനത്തിന് രാഷ്ട്രീയ ഉടമസ്ഥതയേക്കാൾ രാഷ്ട്രീയ സത്യസന്ധതയ്ക്ക് പ്രാധാന്യം നൽകേണ്ടതിന്റെ ഒരു മാതൃക കൂടിയാണ്.

