Last Updated on 04 Oct 2026 • 2:32 AM by Openzone Online

ടെൽഅവീവ്: ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാറുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ സംസാരിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ മച്ഛാർ നെതന്യാഹുവിനോട് വിവരിച്ചു. ഇസ്രയേലിന്റെ അടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മച്ഛാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ക്ഷണിക്കുകയും ചെയ്തു.
പ്രാർത്ഥിക്കാനായി എഴുന്നേറ്റ ഒമാനി സഹപൈലറ്റ് തന്റെ തലയ്ക്ക് നിരവധി തവണ മർദിച്ചതായി മച്ഛാർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് കാഴ്ച മങ്ങിയതിനാൽ തുടക്കത്തിൽ പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യഘട്ടത്തിൽ കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞെങ്കിലും സഹപൈലറ്റ് വീണ്ടും വാതിൽ അടച്ചു. തുടർന്ന് ആത്മവിശ്വാസം വീണ്ടെടുത്ത് വാതിൽ വീണ്ടും തുറക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിമാനത്തിലെ യാത്രക്കാർ കോക്പിറ്റിലെത്തി സഹപൈലറ്റിനെ കീഴ്പ്പെടുത്തിയെന്നും മച്ഛാർ നെതന്യാഹുവിനോട് പറഞ്ഞു. ഇസ്രയേലിനും ഇന്ത്യയ്ക്കും മാത്രമല്ല, ലോകത്തിനാകെ നിങ്ങളൊരു നായകനാണ്. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിൽ ദീപശിഖ തെളിയിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു, എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.
170-ലധികം യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന ഫ്ലൈദുബായ് വിമാനം FZ1073-ലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മച്ഛാർ നിലവിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
ചികിത്സയിൽ കഴിയുന്ന മച്ഛാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. മച്ഛാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്

