Last Updated on 19 Apr 2026 • 8:35 AM by Openzone Online

കടുത്ത വേനലിൽ ഒരു തുള്ളി വെള്ളത്തിനായി ജനങ്ങൾ വലയുമ്പോൾ, വാഴത്തോപ്പ് പഞ്ചായത്തിലെ ഞാവൽച്ചുവട് കേന്ദ്രമായി തുടരുന്ന പൈപ്പ് പൊട്ടലുകൾ ജനജീവിതത്തെ തകർക്കുകയാണ്. വർഷങ്ങളായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാതെ പോകുന്നത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നാട്ടുകാർ തുറന്നു പറയുന്നു. പൈപ്പുകൾ നിരന്തരം പൊട്ടുന്നതോടെ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. അതേ സമയം വീടുകളിലേക്ക് ഒരു തുള്ളി വെള്ളം പോലും എത്താതെ ജനങ്ങൾ ദുരിതത്തിലാകുന്നു. ജലക്ഷാമം അതീവ രൂക്ഷമായ സമയത്ത് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സാധാരണ സാങ്കേതിക തകരാറായി മാത്രം കാണാൻ കഴിയില്ലെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.

(വരും ദിവസങ്ങളിൽ കുടിവെള്ള വിതരണം നിലയ്ക്കും എന്ന് കാണിച്ച് ജല വിഭവ വകുപ്പ് തയ്യാറാക്കിയിരിക്കുന്ന വാർത്താക്കുറിപ്പ്.)
കരയാറുകാരുടെ നിർദ്ദേശപ്രകാരം ചില ജീവനക്കാർ അനാവശ്യമായി പ്രഷർ കൂട്ടി വെള്ളം വിടുന്നത് പൈപ്പ് പൊട്ടലുകൾക്ക് കാരണമാകുന്നു- ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്താനുള്ള സാഹചര്യം ഇത്തരത്തിൽ കരാറുകാർ മനപ്പൂർവ്വം സൃഷ്ടിക്കുന്നു എന്ന് ആരോപണവും ശക്തമാണ്. ഇത്തരം സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനം പത്രക്കുറിപ്പുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഒതുങ്ങുന്നതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന അവകാശമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിൽ ഏജൻസിക്ക് പൂർണ്ണ പരാജയമാണെന്ന് ആരോപണം ശക്തമാണ്. സ്വകാര്യ ടാങ്കർ വാഹനങ്ങൾ ചില ഇടങ്ങളിൽ ആശ്വാസമാകുന്നുണ്ടെങ്കിലും, ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയർന്നതിനാൽ എല്ലായിടത്തും എത്താൻ അവർക്കും സാധിക്കുന്നില്ല. ഇതോടെ സാധാരണ ജനങ്ങൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.

ആവർത്തിക്കുന്ന പൈപ്പ് പൊട്ടലുകൾക്ക് സ്ഥിരപരിഹാരം ഉടൻ കണ്ടെത്തുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ജലവിതരണ സംവിധാനത്തിന്റെ സമഗ്ര പരിശോധന നടത്തുക, അടിയന്തരമായി സ്ഥിരതയുള്ള ജലവിതരണം ഉറപ്പാക്കുക തുടങ്ങിയവയാണ് പൊതുജനങ്ങളുടെ ആവശ്യം.

മന്ത്രിയുടെ ഓഫീസ് അടിയന്തരമായി വിഷയത്തിൽ ഇടപെടണം എന്നും ഇത് ഒരു സാധാരണ സാങ്കേതിക പ്രശ്നമല്ല എന്നും പൊതുപ്രവർത്തകർ ആരോപിക്കുന്നു. ഇനി കൂടി വൈകിയാൽ പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നു.
