Last Updated on 23 Nov 2026 • 3:03 PM by Openzone Online

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ആംബുലൻസ് ഡ്രൈവർമാരില്ലാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് വാഹനമോടിക്കാനുള്ള അധിക ചുമതല നൽകിയ സംഭവത്തിൽ ഓപ്പൺസോൺ വാർത്തയ്ക്ക് പിന്നാലെ അടിയന്തര നടപടി. രണ്ട് ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർ വാക്ക്-ഇൻ ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചു.
രണ്ട് മാസത്തേക്കാണ് നിയമനം. ദിവസവേതനം 650 രൂപയും രണ്ട് ഒഴിവുകളുമാണ് വിജ്ഞാപനത്തിലുള്ളത്. രണ്ട് ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് മെഡിക്കൽ കോളേജിൽ പെട്ടെന്ന് ഡ്രൈവർമാരുടെ കുറവുണ്ടാകാൻ കാരണമായത്. ഇതിനുപുറമേ രണ്ട് ജീവനക്കാർ അടിയന്തരമായി അവധിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇതോടെ ആശുപത്രിയിലെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനസർവീസുകൾ പ്രതിസന്ധിയിലായി. തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാർക്ക് വാഹനമോടിക്കാനുള്ള അധിക ചുമതല നൽകിയത്. മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകളിലായി ചികിത്സയിൽ കഴിയുന്ന രോഗികളെ വിവിധ ചികിത്സാ ആവശ്യങ്ങൾക്കായി പരസ്പരം മാറ്റേണ്ട സാഹചര്യമുണ്ട്.
എക്സ്-റേ, ഐസിയു ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി രോഗികളെ ഒരു ബ്ലോക്കിൽനിന്ന് മറ്റൊന്നിലേക്ക് എത്തിക്കാൻ നിരന്തരം വാഹനസൗകര്യം ആവശ്യമാണ്. ഇത്തരത്തിൽ ആശുപത്രിയുടെ ആഭ്യന്തര സേവനങ്ങളിൽ ആംബുലൻസുകളുടെ ഉപയോഗം നിർണായകമാണ്.
മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ. പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുത്തി ജോലി ചെയ്യേണ്ടിവരുന്ന ഇവർക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കാനുള്ള അധിക ചുമതല കൂടി നൽകുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.

അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ചുമതല പരിശീലനവും ആവശ്യമായ യോഗ്യതയുമുള്ള ഡ്രൈവർമാർക്കുതന്നെ നൽകണമെന്ന ആവശ്യവും ശക്തമായി. ഇടുക്കി ജില്ലാ മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പത്താം ക്ലാസ് വിജയവും ബാഡ്ജോടുകൂടിയ ഹെവി ലൈസൻസുമാണ് യോഗ്യത.
നവംബർ 24ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് വാക്ക്-ഇൻ ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം ആശുപത്രിയിലെ ആംബുലൻസ് സേവനങ്ങൾ സുരക്ഷിതമായും തടസ്സമില്ലാതെയും മുന്നോട്ടുകൊണ്ടുപോകാൻ പുതിയ നിയമനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

