Last Updated on 22 Nov 2026 • 8:32 AM by Openzone Online

Advertisement

രാജാക്കാട് :മൂന്നാറിലെ ജനവാസമേഖലയിൽ നിരന്തരം ഇറങ്ങി ജനങ്ങൾക്കും വ്യാപാരികൾക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന കാട്ടാന പടയപ്പയെ പിടികൂടി ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സേനാപതി വേണു എംഎൽഎ. പ്രായാധിക്യവും തീറ്റ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം പടയപ്പയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും കാട്ടിലേക്ക് പോയി തീറ്റ തേടുന്നതിനുപകരം ജനവാസമേഖലകളിലേക്കാണ് ആന ഇറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദേശം 50 മുതൽ 60 വയസ്സുവരെയായി കണക്കാക്കപ്പെടുന്ന പടയപ്പ മൂന്നാറിന്റെ വിവിധ മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ്. മൂന്നാർ, ദേവികുളം, മാട്ടുപ്പെട്ടി, കന്നിമല, നയമക്കാട്, മറയൂർ തുടങ്ങിയ പ്രദേശങ്ങളാണ് പടയപ്പയുടെ പ്രധാന സഞ്ചാരമേഖലകൾ. തേയിലത്തോട്ടങ്ങളിലൂടെയും ജനവാസമേഖലകളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുന്ന പടയപ്പയെ കാണാൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരാണ് എത്താറുള്ളത്.

ഒരുകാലത്ത് മൂന്നാറിന്റെ കാഴ്ചകളിൽ കൗതുകമായിരുന്ന പടയപ്പ ഇന്ന് പ്രദേശവാസികൾക്ക് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. വഴിയോരക്കടകൾ ആക്രമിച്ച് ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതും കടകളും വാഹനങ്ങളും തകർക്കുന്നതും പടയപ്പയുടെ ഭാഗത്തുനിന്ന് ആവർത്തിക്കുന്ന സംഭവങ്ങളാണ്.

മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ഗൂഡാർവിള, കുട്ടിയാർവാലി തുടങ്ങിയ മേഖലകളിൽ നിരവധി തവണ കടകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. സമീപകാലത്ത് തൊഴിലാളികൾ താമസിക്കുന്ന ലയത്തിലേക്ക് അതിക്രമിച്ചുകയറി വീടിന് കേടുപാടുകൾ വരുത്തിയ സംഭവവും വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഉറങ്ങിക്കിടന്നിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പടയപ്പയുടെ ആക്രമണസ്വഭാവത്തിന് മദപ്പാട് ഉൾപ്പെടെയുള്ള ശാരീരിക അവസ്ഥകളും കാരണമാകാമെന്നാണ് വിലയിരുത്തൽ. മദപ്പാട് കാലത്ത് ആൺആനകളിൽ ആക്രമണസ്വഭാവം വർധിക്കുന്നത് സ്വാഭാവികമാണ്. അതേസമയം, പ്രായാധിക്യം മൂലമാണ് പടയപ്പയുടെ ഇപ്പോഴത്തെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആനയുടെ സഞ്ചാരവും പെരുമാറ്റവും വനംവകുപ്പ് ഗൗരവമായി നിരീക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

പടയപ്പയെ നിലവിലെ ആവാസമേഖലയിൽനിന്ന് പിടികൂടി കോന്നിയിലോ കോടനാടോ ഉള്ള ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് സേനാപതി വേണു എംഎൽഎ ആവശ്യപ്പെടുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും വനംവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ അടുത്ത ദിവസം തന്നെപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആനയുടെ പ്രായവും നിലവിലെ സാഹചര്യവും പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് എംഎൽഎയുടെ നിലപാട്.പടയപ്പയെ സംരക്ഷിക്കേണ്ടതും അതേസമയം മൂന്നാറിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.

കാട്ടാനയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സഞ്ചാരപാതകളും സംരക്ഷിക്കുന്നതിനൊപ്പം ജനവാസമേഖലകളിൽ ആവർത്തിച്ചെത്തുന്ന പടയപ്പയുടെ കാര്യത്തിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. പടയപ്പയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റണമെന്ന എംഎൽഎയുടെ ആവശ്യം വനംവകുപ്പ് എങ്ങനെ പരിഗണിക്കുമെന്നാണ് ഇനി അറിയേണ്ടത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *