Last Updated on 31 Oct 2026 • 3:24 PM by Openzone Online

ചെറുതോണി: 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ഇടുക്കിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വാഴത്തോപ്പ് പഞ്ചായത്ത് ഭൂമിയാംകുളം സ്വദേശിനി ജിൻസി. ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ജിൻസി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ഭൂമിയാംകുളം മുണ്ടനാനിക്കൽ ജോസിന്റെ (ലാലു) ഭാര്യയാണ് ജിൻസി. പത്ത് വർഷമായി ദേശീയ ചാമ്പ്യനായ ജിൻസി മൂന്ന് തവണ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 2014-ൽ മലേഷ്യയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഏഴാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ലോക മത്സരങ്ങൾ വിദേശ രാജ്യങ്ങളിൽ നടന്നതിനാൽ സാമ്പത്തിക പരിമിതികൾ മൂലം പങ്കെടുക്കാൻ സാധിച്ചില്ല.

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ എത്തിയതോടെയാണ് വീണ്ടും രാജ്യത്തിനുവേണ്ടി മത്സരിക്കാൻ ജിൻസിക്ക് അവസരം ലഭിച്ചത്. ആ അവസരം ഇരട്ട സ്വർണ നേട്ടത്തിലൂടെ അവിസ്മരണീയമാക്കാനും ജിൻസിക്ക് കഴിഞ്ഞു.
വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ഈ നേട്ടം. പരേതരായ വാഴത്തോപ്പ് മണിമലയിൽ ദേവസ്യയുടെയും റോസയുടെയും മകളാണ് ജിൻസി. മക്കൾ: ആഷിക്ക്, അലൻ. മരുമക്കൾ: നീതു, ഫെബിൻ.ലോക വേദിയിൽ ഇരട്ട സ്വർണം നേടി നാടിന്റെ അഭിമാനമായി മാറിയ ജിൻസിക്ക് അഭിനന്ദന പ്രവാഹമാണ്.

