Last Updated on 29 Oct 2026 • 2:05 PM by Openzone Online

ചെറുതോണി : മുരിക്കാശ്ശേരിയെന്ന കുടിയേറ്റ ഗ്രാമത്തിൽ നിന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ പദവിയിലേക്ക് എത്തിയ അശ്വതി ജിജി ഐ.പി എസിന് നാടിൻ്റെ അനുമോദന പ്രവാഹം.
റിട്ടയേഡ് എയർ ഫോഴ്‌സ് കമാൻ്റർ ഇടുക്കി മുരിക്കാശ്ശേരി വരമ്പൻപ്ലാക്കൽ ജിജി വി. എസിൻ്റെയും ഓമനയുടെയും മൂത്ത മകളാണ് അശ്വതി ജിജി . മറ്റേത് ജോലിയേക്കാളും മഹത്വരമാണ് രാഷ്ട്ര സേവനം എന്നുള്ള കാഴ്ച്ചപ്പാടാണ് ഒരു ഐപിഎസ് ഓഫീസർ ആകാനുള്ള പ്രചോദനം നൽകിയത് എന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആയി ചുമതലയേ ക്കുന്ന അശ്വതി ജിജി പറഞ്ഞു.
പിച്ചവച്ച് നടക്കുന്ന കാലം മുതൽ അശ്വതി കണ്ടു വളർന്നത് എയർഫോഴ്സ് ഉദ്യോഗസ്ഥനായി യൂണിഫോം അണിഞ്ഞു നിൽകുന്ന പിതാവിനെയാണ്. പിന്നീട് രാഷ്ട്ര സേവനത്തിന് ഉതകുന്ന സിവിൽ സർവ്വീസ് മേഖല തെരത്തെടുക്കുവാനും അശ്വതിക്ക് പ്രേരണയായതും ഈ സാഹചര്യങ്ങളാണ്.
പിതാവ് ജിജിസൈനിക സേവനത്തിനായി രാജ്യത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ ആയിരിക്കുമ്പോഴും തൻ്റെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് കഠിനാദ്ധ്വാനത്തിലൂടെ അശ്വതി സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടുമ്പോൾ ഒരു ഐപിഎസ് ഓഫീസറിൻ്റെ യൂണിഫോം ആയിരുന്നു സ്വപ്‌നം കണ്ടത്.
എസ്എസ്എൽസിയും ഹയർ സെക്കൻഡറിയും ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ ശേഷം മൂന്നാർ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ നിന്നും ബി-ടെക്കിൽ ബിരുദം നേടി.

ചെന്നൈ ഇൻഫോസിസിൽ ഉയർന്ന പദവിയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത് 41-ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ തിളങ്ങിയ അശ്വതി ജിജി കേരള കേഡറിലെ 2021 ബാച്ച് ഐപി എസ് ഓഫീസറാണ്.
2024 -ൽ അസിസ്റ്റൻറ് ജില്ലാ പോലീസ് സൂപ്രണ്ടായിയി പാലക്കാട് ആയിരുന്നു ആദ്യമായി നിയമനം ലഭിച്ചത്. പിന്നീട് ഏറെക്കാലം കൊച്ചി നഗരത്തിൻ്റെ ക്രമസമാധാന ചുമതലയും വഹിച്ചു.
അശ്വിനും, അശ്വന്ദും സഹോദരങ്ങളാണ് ഇടുക്കിയുടെ മിടുക്കിയായ അശ്വതി ജിജി കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുമ്പോൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം ഇടുക്കിയിലെ മലയോര ജനതയും ഏറെ ആഹ്ളാദത്തിലാണ്.

