Last Updated on 15 Oct 2026 • 9:11 AM by Openzone Online

Advertisement

ന്യൂഡൽഹി :രാജ്യത്തുനിന്ന് കാലവർഷം പൂർണമായും പിൻവാങ്ങിയതോടെ കേരളത്തിൽ തുലാവർഷത്തിന് തുടക്കമായി. ഒക്ടോബർ 15-ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലാണ് തുലാവർഷം ആരംഭിച്ചത്. ഇതോടെ കേരളത്തിൽ മഴയുടെ മറ്റൊരു ഘട്ടത്തിന് തുടക്കമായി.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപത്തെ ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും മഴ ലഭിക്കാനാണ് സാധ്യത.ഒക്ടോബർ 15 മുതൽ 19 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഒക്ടോബർ 15, 16, 17, 18 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബർ 15, 16 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 17, 19 തീയതികളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുലാവർഷം ആരംഭിക്കുകയും ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *