Last Updated on 13 Oct 2026 • 2:40 PM by Openzone Online

Advertisement

ചെറുതോണി: UPI പേയ്‌മെന്റുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ചെറുതോണിയിൽ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളംബര സന്ദേശ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

ഒക്ടോബർ 15-ന് ലോക്ഭവനിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചെറുകിട വ്യാപാരികളുടെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് UPI ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.

കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്ന പല വ്യാപാര സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി അധിക തുക ചെലവഴിക്കേണ്ടിവരുന്നത് സാമ്പത്തിക ബാധ്യത വർധിപ്പിക്കും. വിൽപ്പനത്തുകയിൽനിന്ന് ചാർജ് കുറയുന്നതോടെ വ്യാപാരികളുടെ യഥാർഥ ലാഭം കുറയാനും സാധ്യതയുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ ഈ നീക്കം വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്കയും പ്രതിഷേധക്കാർ പങ്കുവച്ചു.

മർച്ചന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം പന്തം കൊളുത്തി പ്രകടനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 15 മുതൽ UPI പേയ്‌മെന്റുകൾ സ്വീകരിക്കില്ലെന്ന വ്യാപാരികളുടെ നിലപാട് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും ഈ വിഷയത്തിൽ സർക്കാർ പുനഃപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി നേതാക്കളായ അഹമ്മദ് കബീർ, ഷിജോ തടത്തിൽ, എൻ. ജെ. വർഗീസ്, രഞ്ജിത്ത് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. വ്യാപാരികളുടെ പ്രതിഷേധം അറിയിക്കുന്നതിനും ലോക്ഭവൻ മാർച്ചിന് പിന്തുണ പ്രഖ്യാപിക്കുന്നതിനുമായാണ് ചെറുതോണിയിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed