Last Updated on 06 Oct 2026 • 1:37 PM by Openzone Online

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 10 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതും, മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്നാട്–കർണാടക വഴി മധ്യ മഹാരാഷ്ട്രയിലേക്ക് ന്യൂനമർദ്ദപ്പാത്തി സജീവമായിരിക്കുന്നതുമാണ് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ പ്രധാന കാരണം.
സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നത്. ന്യൂനമർദ്ദപ്പാത്തി 0.9 കിലോമീറ്റർ ഉയരത്തിലും നിലനിൽക്കുന്നു. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്താൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
ഒക്ടോബർ 6, 9, 10: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.ഒക്ടോബർ 7, 8: മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത.ഒക്ടോബർ 9: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.ഒക്ടോബർ 10: ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്.ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങൾ, മരച്ചുവട്, ടെറസ്, ജലാശയങ്ങൾ എന്നിവ ഒഴിവാക്കണം.
കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവെക്കുകയും മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുകയും വേണം.ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. ജലാശയങ്ങളിൽ മീൻപിടിത്തവും ബോട്ടിങ്ങും നിർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം.മിന്നലേറ്റ വ്യക്തിക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കണം.

