Last Updated on 23 Sep 2026 • 3:42 AM by Openzone Online

Advertisement

രാജാക്കാട്: ശാന്തൻപാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കുളം ആദിവാസി ഉന്നതി നിവാസിയായ വിജയൻ (47) ആണ് മരിച്ചത്. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം.

രാവിലെ പണിസ്ഥലത്തെ ഷെഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചക്കക്കൊമ്പൻ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പോലീസും സ്ഥലത്തെത്തി. പ്രദേശത്ത് പരിശോധനയും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണംശാന്തൻപാറ മേഖലയിൽ കാട്ടാന ആക്രമണം തുടർക്കഥയാകുന്നതിനിടെയാണ് വീണ്ടും മനുഷ്യജീവൻ നഷ്ടപ്പെട്ടത്.

ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടാമത്തെ മരണമാണിത്. ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകളുടെ സാന്നിധ്യം പ്രദേശത്ത് നിരന്തരം ഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പും ശാന്തൻപാറ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

രണ്ട് കുട്ടികളുടെ കൺമുന്നിലായിരുന്നു അമ്മയുടെ ദാരുണമായ മരണം. ഇതോടെ പ്രദേശവാസികൾക്കിടയിലെ ആശങ്ക കൂടുതൽ ശക്തമായിരിക്കുകയാണ്. മുന്നറിയിപ്പില്ലെന്ന ആരോപണവുമായി നാട്ടുകാർകാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടും പ്രദേശവാസികൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്നതിൽ വനംവകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.

ആനയുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം.ചക്കക്കൊമ്പൻ പ്രദേശത്ത് നിരന്തരം ആക്രമണങ്ങൾ നടത്തുന്നതായി നാട്ടുകാർ ആരോപിക്കുമ്പോഴും, ആനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

ഓരോ ആക്രമണത്തിനും പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതല്ലാതെ, ജനവാസ മേഖലയിൽ തുടർച്ചയായ ഭീഷണി സൃഷ്ടിക്കുന്ന ആനയെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വീണ്ടും ഒരു മനുഷ്യജീവൻ കൂടി നഷ്ടപ്പെട്ടതോടെ ശാന്തൻപാറയിലെ മനുഷ്യ-വന്യജീവി സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.

ചക്കക്കൊമ്പന്റെ സാന്നിധ്യം കണക്കിലെടുത്ത് ജനവാസ മേഖലകളിൽ അടിയന്തര സുരക്ഷാ നടപടികളും സ്ഥിരമായ നിരീക്ഷണ സംവിധാനവും വേണമെന്ന ആവശ്യവും ശക്തമാകുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed