OpenZone Banner

Last Updated on 14 Sep 2026 • 9:25 AM by Openzone Online

Advertisement

വണ്ടിപ്പെരിയാർ: വർഷങ്ങളായി മുടങ്ങിക്കിടന്ന വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ നിർമാണം പുനരാരംഭിക്കാൻ ധാരണ. എയർസ്ട്രിപ്പിന്റെ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പ് വിട്ടുനൽകും. ഇതിന് പകരമായി തുല്യ അളവിലുള്ള റവന്യൂ ഭൂമി മറ്റൊരിടത്ത് വനംവകുപ്പിന് കൈമാറും.

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കാനാണ് തീരുമാനം. എൻസിസി എയർവിങ് കേഡറ്റുകൾക്ക് വിമാന പറത്തൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സത്രത്തിൽ എയർസ്ട്രിപ്പ് നിർമിച്ചത്. 800 മീറ്റർ നീളമുള്ള റൺവേ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു. വ്യോമസേനയുടെ ചെറുവിമാനവും ഹെലികോപ്റ്ററും പരീക്ഷണാടിസ്ഥാനത്തിൽ എയർസ്ട്രിപ്പിൽ ഇറക്കുകയും ചെയ്തിരുന്നു.

എന്നാൽ ശക്തമായ മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെയാണ് നിർമാണം പ്രതിസന്ധിയിലായത്. തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ലഭിക്കാതിരുന്നതും അധിക ഭൂമി വിട്ടുനൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതുമാണ് നിർമാണം നീളാൻ കാരണം.

പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങൾ സജീവമായത്. പീരുമേട് എംഎൽഎ സിറിയക് തോമസിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, കോട്ടയം ഡിഎഫ്ഒ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഭൂമി കൈമാറ്റം സംബന്ധിച്ച് ധാരണയായത്.

റൺവേയുടെ തകർന്ന ഭാഗം പുനർനിർമിക്കുന്നതിനൊപ്പം എയർസ്ട്രിപ്പിൽ പരിശീലനത്തിനെത്തുന്ന എൻസിസി കേഡറ്റുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇവ രണ്ടാംഘട്ടമായിട്ടായിരിക്കും നടപ്പാക്കുക. രണ്ടുമാസത്തിനകം എയർസ്ട്രിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.എയർസ്ട്രിപ്പിന്റെ നിർമാണത്തിനായി എൻസിസി 24 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 14 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. നിർമാണം പൂർത്തിയാകുന്നതോടെ എൻസിസി കേഡറ്റുകൾക്ക് വിമാനപരിശീലനം നൽകുന്നതിനുള്ള പ്രധാന കേന്ദ്രമായി സത്രം എയർസ്ട്രിപ്പ് മാറും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *