OpenZone Banner

Last Updated on 14 Sep 2026 • 6:31 AM by Openzone Online

Advertisement

ചെറുതോണി: കാട്ടുമൃഗ ശല്യത്തിൽ വലയുന്ന ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ കാർഷിക മേഖലയ്ക്ക് ഭീഷണിയായി കുരങ്ങ് ശല്യം രൂക്ഷമാകുന്നു. പൈനാവ്, പാറേമാവ് ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിലേക്ക് നൂറുകണക്കിന് കുരങ്ങുകൾ കൂട്ടമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാവുകയാണ്.


ഏലം ഉൾപ്പെടെയുള്ള വിവിധ വിളകൾക്കാണ് കുരങ്ങുകൾ പ്രധാനമായും ഭീഷണി ഉയർത്തുന്നത്. വാഴക്കൂമ്പ് ഉൾപ്പെടെ തിന്നു നശിപ്പിക്കുന്ന കുരങ്ങുകൾ മലയിഞ്ചി, പച്ചവാഴ, കാപ്പിക്കുരു തുടങ്ങിയ വിളകൾക്കും കനത്ത നാശം വരുത്തുകയാണ്. നിമിഷനേരം കൊണ്ടാണ് കൂട്ടമായി എത്തുന്ന കുരങ്ങുകൾ കൃഷിയിടങ്ങൾ നശിപ്പിച്ച് മടങ്ങുന്നത്.


കുരങ്ങ് ശല്യം വർധിച്ചതോടെ പല കർഷകർക്കും പച്ചവാഴ, കാപ്പി തുടങ്ങിയ വിളകൾ പോലും സംരക്ഷിച്ച് കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിളകൾ സംരക്ഷിക്കാൻ അധികമായി ചെലവഴിച്ചിട്ടും ഫലം ലഭിക്കാത്തത് കർഷകരുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു.

വനംവകുപ്പും കൃഷിവകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. അധികൃതരുടെ മെല്ലെപ്പോക്ക് നയം കർഷകരുടെ ജീവിതത്തെയും കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണെന്നും അവർ പറയുന്നു.
കാട്ടുമൃഗ ശല്യം മൂലമുള്ള സാമ്പത്തിക നഷ്ടം താങ്ങാനാകാതെ കർഷകർ കടുത്ത മാനസിക സമ്മർദത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ ആസ്ഥാന മേഖലയിലെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്.


ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *