OpenZone Banner

Last Updated on 28 Jul 2026 • 3:14 PM by Openzone Online

Advertisement

ചെറുതോണി: ഏലക്കയ്ക്ക് വിപണിയിൽ മികച്ച വില ലഭിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏലക്കാ മോഷണം വ്യാപകമാകുന്നു. തടിയമ്പാട്–മഞ്ഞപ്പാറ, ഭൂമിയാംകുളം മേഖലകളിലെ ഏലത്തോട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്.

മഞ്ഞപ്പാറ തൊട്ടിയിൽ ജീനാമോളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ നിന്ന് വിളവെടുക്കാൻ പാകമായ നൂറ് കിലോയിലധികം ഏലക്ക മോഷണം പോയതായി പരാതിയുണ്ട്. ഒരു കിലോ ഏലം ഉൽപ്പാദിപ്പിക്കാൻ കർഷകർ വൻ ചെലവാണ് വഹിക്കുന്നത്. തണ്ടുതുരപ്പൻ, വേരുചീയൽ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ, കീടനാശിനികൾ, വളങ്ങൾ എന്നിവയ്ക്കായി ഏകദേശം ഓരോ 40 ദിവസത്തിലും ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരുന്നു. പല കർഷകരും ഒരു ഏക്കർ തോട്ടം പരിപാലിക്കാൻ ഓരോ ഘട്ടത്തിലും 10,000-ത്തിലധികം ചെലവഴിച്ചാണ് വിള സംരക്ഷിക്കുന്നത്. ഇങ്ങനെ കഠിനാധ്വാനത്തോടെയും വലിയ സാമ്പത്തിക ബാധ്യതയോടെയും വളർത്തിയെടുക്കുന്ന ഏലമാണ് മോഷ്ടാക്കൾ നിമിഷങ്ങൾക്കകം പറിച്ചുകൊണ്ടുപോകുന്നത്.

മൂപ്പെത്തിയ കായ മാത്രം ശരം ചെത്താതെ പറിച്ചെടുക്കുന്നതിനാൽ മോഷണം നടന്ന വിവരം ഉടൻ തിരിച്ചറിയാൻ കഴിയില്ല. സ്ഥലം ഉടമ തോട്ടത്തിൽ ഇല്ലാത്ത ദിവസങ്ങളിൽ, പണിക്കാരെന്ന വ്യാജേന പകൽ സമയത്താണ് മോഷ്ടാക്കൾ തോട്ടത്തിൽ കയറുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുമ്പും സമീപ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ സമാനരീതിയിൽ മോഷണം നടന്നിരുന്നു. പരാതികൾ നൽകിയിട്ടും പ്രതികളെ കണ്ടെത്താനോ മോഷണം ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം കർഷകർ ഉയർത്തുന്നു. ഇതാണ് മോഷ്ടാക്കൾക്ക് കൂടുതൽ ധൈര്യം നൽകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ജീന നൽകിയ പരാതിയിൽ ഇടുക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, പോലീസ് മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നത്. എത്രയും വേഗം പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed