OpenZone Banner

Last Updated on 25 May 2026 • 1:59 PM by Openzone Online

Advertisement

ചെറുതോണി: ഭാഷയും പശ്ചാത്തലവും പരിമിതികളല്ല, ദൃഢനിശ്ചയവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലക്ഷ്യം കൈവരിക്കാമെന്ന് തെളിയിച്ച് ഇടുക്കി സ്വദേശിയുടെ മകൻ മാലിദ്വീപിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. മാലിദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പഠനം പൂർത്തിയാക്കിയ അഹമ്മദ് സിദ്ദീഖ് മിൻഷാവിയാണ് ദിവേഹി, ഇസ്ലാം വിഷയങ്ങളിൽ എ പ്ലസ് നേടി ശ്രദ്ധ നേടിയത്.ഇടുക്കി കുടയത്തൂർ ചെറിയകാലായിൽ മുഹമ്മദ് ഷാനിസ് മുഹമ്മദ് ഷാ – നിസാമിസ് ദമ്പതികളുടെ മകനാണ് മിൻഷാവി. മാലിദ്വീപിൽ ജനിച്ചു വളർന്നെങ്കിലും ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയായി ഈ നേട്ടം കൈവരിച്ചതും പ്രത്യേക ശ്രദ്ധ നേടി.

മാലിദ്വീപിലെ പ്രാദേശിക ഭാഷയായ ദിവേഹിയും അതുമായി ബന്ധപ്പെട്ട ഇസ്ലാം പഠനവും വിദേശ വിദ്യാർത്ഥികൾക്ക് സാധാരണയായി വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അതേ വിഷയങ്ങളിൽ മികച്ച വിജയം നേടിയാണ് മിൻഷാവി വേറിട്ടത്.മുൻപ് പഠനം പൂർത്തിയാക്കിയ തന്റെ സഹോദരി മറിയം ഷനീസിന് ദിവേഹിയും ഇസ്ലാമും പഠിക്കാത്തതിനാൽ ചില ഉയർന്ന അക്കാദമിക് സ്ഥാനങ്ങൾക്ക് മത്സരിക്കാൻ സാധിച്ചിരുന്നില്ല. ആ നഷ്ടം വീണ്ടും സംഭവിക്കരുതെന്നും സഹോദരിക്ക് നേടാനാകാതെ പോയ നേട്ടം സ്വന്തമാക്കണമെന്നും തീരുമാനിച്ചാണ് മിൻഷാവി ഈ വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത്.തന്റെ സഹോദരിക്ക് നേടാനാകാത്ത സ്ഥാനം നേടണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതാണ് താൻ ദിവേഹിയും ഇസ്ലാമും പഠിക്കാൻ പ്രചോദനമായത് എന്നും മിൻഷാവി പറഞ്ഞു.

ആദ്യഘട്ടത്തിൽ പഠനം വളരെ പ്രയാസകരമായിരുന്നുവെന്നും പലപ്പോഴും വിഷയങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ സ്കൂളിലെ പഠനം, ട്യൂഷൻ അധ്യാപകരുടെ പിന്തുണ, സ്വന്തം പരിശ്രമം എന്നിവ ചേർന്നപ്പോൾ പ്രതീക്ഷിച്ചതിലും മികച്ച ഫലം നേടാൻ സാധിച്ചു.ദിവേഹിയിൽ ബി ഗ്രേഡും ഇസ്ലാമിൽ ബി അല്ലെങ്കിൽ എ ഗ്രേഡും കിട്ടുമെന്നാണ് ഇദ്ദേഹം കരുതിയത്.

എ പ്ലസ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്നും മിൻഷാവി വെളിപ്പെടുത്തി.മിൻഷാവിയുടെ അമ്മ നിസാമിസ് കഴിഞ്ഞ 19 വർഷമായി ദാരുമവന്ത സ്കൂളിൽ ഇക്കണോമിക്സ് അധ്യാപികയായി സേവനം ചെയ്യുന്നു. പിതാവ് മുഹമ്മദ് ഷാനിസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മാലിദ്വീപിൽ ജോലി ചെയ്യുകയാണ്. കുടുംബത്തിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയും മകന്റെ നേട്ടത്തിന് പിന്നിൽ ശക്തമായ പിന്തുണയായി.കഴിഞ്ഞ വർഷവും ദാരുമവന്ത സ്കൂളിലെ മികച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്ന മിൻഷാവി ദേശീയ തലത്തിലെ മുൻനിര പത്തിൽ നാലാം സ്ഥാനവും നേടിയിരുന്നു.ദിവേഹി ഭാഷ വളരെ സ്വാഭാവികമായി സംസാരിക്കുന്ന മിൻഷാവി, സ്കൂളിൽ പഠിക്കുമ്പോൾ പലർക്കും താൻ ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് അറിയില്ലായിരുന്നുവെന്നും പിന്നീട് അറിഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടു എന്നും മിൻഷാവി പറഞ്ഞു .തന്റെ വിജയത്തിന് മാതാപിതാക്കൾ, അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽ നദിറ, ഡെപ്യൂട്ടി പ്രിൻസിപ്പൽമാർ, ക്ലാസ് അധ്യാപകർ, ട്യൂഷൻ അധ്യാപകൻ അബ്ദുറഹ്മാൻ എന്നിവരുടെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം നന്ദിയോടെ ഓർത്തെടുത്തു.

ഇനി എ-ലെവൽ പഠനം ഇന്ത്യയിൽ തുടരാനാണ് മിൻഷാവിയുടെ ആഗ്രഹം.ഒരു ഭാഷ അറിയാത്തതോ മറ്റൊരു രാജ്യത്ത് ജനിച്ചതോ വിജയത്തിന് തടസ്സമല്ലെന്നും, ലക്ഷ്യത്തിനായി അധ്വാനിച്ചാൽ അതിർത്തികൾ പോലും മറികടക്കാമെന്നുമുള്ള സന്ദേശമാണ് അഹമ്മദ് സിദ്ദീഖ് മിൻഷാവിയുടെ ഈ നേട്ടം നൽകുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed