OpenZone Banner

Last Updated on 07 May 2026 • 5:06 AM by Openzone Online

Advertisement

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുമ്പോൾ മൂന്ന് പേരുകളാണ് ഇപ്പോൾ ശക്തമായി ഉയർന്നുവരുന്നത് — വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ അഭിപ്രായം തേടുന്നതിനൊപ്പം സീനിയർ നേതാക്കളുടെ നിർദേശങ്ങൾക്കും ഹൈക്കമാൻഡ് വലിയ പ്രാധാന്യം നൽകുന്നുവെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് പ്രതിപക്ഷ നേതാവായ വി.ഡി. സതീശനാണ്. യുവജനങ്ങൾക്കിടയിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തൽ. എന്നാൽ സതീശനെതിരെ നിലകൊള്ളുന്നവർ ഉയർത്തുന്ന പ്രധാന വിമർശനം, “വാക്കുകൾക്ക് സ്ഥിരതയില്ലാത്ത നേതാവ്” എന്നതാണ്. വിഷയങ്ങൾക്കനുസരിച്ച് നിലപാട് മാറുന്നുവെന്ന ആരോപണവും എതിര്‍ പക്ഷം ശക്തമായി ഉന്നയിക്കുന്നു.

അതേസമയം, ദേശീയ നേതൃത്വത്തിലുള്ള ശക്തമായ സ്വാധീനവും പാർട്ടിയിലെ സീനിയോറിറ്റിയും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിപദത്തിനായുള്ള പ്രധാന പരിഗണനയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഹൈക്കമാൻഡുമായുള്ള അടുത്ത ബന്ധവും സംഘടനാപരമായ പിടിപ്പും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസ് സംഘടനയിലും നിർണായക സ്വാധീനമുള്ള നേതാവെന്ന നിലയിൽ കെ.സി.യുടെ പേര് ഡൽഹിയിൽ ശക്തമായി ചർച്ചയാകുന്നതായാണ് വിവരം.മറ്റൊരു ശക്തമായ സാധ്യതയായി ഉയരുന്നത് രമേശ് ചെന്നിത്തലയാണ്. കെ. കരുണാകരനൊപ്പം നിന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മികച്ച ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ്. ഭരണപരിചയം, സംഘടനാപരമായ അടിത്തറ, വിവിധ വിഭാഗങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവ അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തിന് അർഹനാക്കുന്നുവെന്നാണ് അനുകൂലികളുടെ വാദം. കോൺഗ്രസിനെ അടിത്തറയിൽ നിന്ന് ശക്തിപ്പെടുത്തിയ നേതാവെന്ന വിലയിരുത്തലും ചെന്നിത്തലയ്ക്ക് അനുകൂലമായി ഉയരുന്നുണ്ട്.ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്ക് എന്നിവർ എം.എൽ.എമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. എം.എൽ.എമാരുടെ അഭിപ്രായങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മല്ലികാർജുൻ ഗാർഹെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ അന്തിമ അംഗീകാരത്തോടെയാകും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുക. ഗ്രൂപ്പ് പോരുകൾ ഒഴിവാക്കി പാർട്ടിയുടെ ഭാവിയും ഭരണസ്ഥിരതയും മുൻനിർത്തിയുള്ള തീരുമാനമായിരിക്കും ഹൈക്കമാൻഡ് എടുക്കുകയെന്നാണിപ്പോൾ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed