OpenZone Banner

Last Updated on 28 Mar 2026 • 11:29 AM by Openzone Online

Advertisement

ഇടുക്കിയിലെ രാഷ്ട്രീയ നാടകത്തിന് ഇനി പുതിയ അധ്യായം. “എല്ലാം സുഖം” എന്ന് തെളിയിക്കാൻ യുഡിഎഫ് നേതാക്കൾ ഓടുന്ന വേഗം കണ്ടാൽ, പ്രശ്നമില്ലെന്നതിൽ ജനങ്ങൾക്കും സംശയം തോന്നുന്ന അവസ്ഥ!

സീറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ഞാനാണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ച് മണ്ഡലം ചുറ്റിയ പ്രൊഫ. എം.ജെ. ജേക്കബ്, അതേ സമയം ഇത് ഹൈറേഞ്ച് കാരന്റെ അവകാശം എന്ന് പറഞ്ഞ് മറ്റൊരു പര്യടനം പൂർത്തിയാക്കിയ നോബൽ ജോസഫ് — ഇരുവരും തമ്മിലുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ ഫുൾ HDയിൽ തന്നെ ലൈവായിരുന്നു.

ഇതിനിടയിൽ, “ആട്ടിൻകുട്ടികളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് ചെന്നായയായി നിൽക്കുന്ന” കോൺഗ്രസിന്റെ കട്ടപ്പന നേതാവ് രംഗപ്രവേശനം ചെയ്തു: ഇക്കുറി സീറ്റ് കോൺഗ്രസിന് വേണം.

അത് കേട്ടതോടെ സോഷ്യൽ മീഡിയയിൽ കോൺഗ്രസും ജോസഫ് വിഭാഗവും തമ്മിൽ കുത്തൊഴുക്ക് – കമന്റുകളും പോസ്റ്റുകളും കണ്ടാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും കൺഫ്യൂസ്! സീറ്റ് വിടില്ല എന്ന് നെഞ്ചു പൊട്ടിച്ച് പറഞ്ഞ ജോസഫ് പ്രവർത്തകർ, അവസാനം വലിയേട്ടൻ ഒരു നോക്ക് നോക്കിയതോടെ… പഞ്ച പുച്ഛമടക്കി ശാന്തമായി ഇരിക്കുക എന്ന മോഡിലേക്ക്. അവസാനം, നാട്ടിൽ വോട്ട് പോലും ഇല്ലെന്ന ആരോപണങ്ങൾക്കിടയിൽ റോയി കെ. പൗലോസ് ഇടുക്കിയുടെ കാവലാൾ എന്ന പേരും, സ്ഥാനാർത്ഥിത്വവും ഒരുമിച്ച് ഏറ്റുവാങ്ങി രംഗത്തെത്തി.

70 കഴിഞ്ഞിട്ടും: ഇന്നും ഞാൻ യൗവനസമൃദ്ധൻ എന്ന് പ്രഖ്യാപിച്ച് ഗോദയിലേക്ക്.

റോമൻ കത്തോലിക്കാ ആധിപത്യമുള്ള മണ്ഡലത്തിൽ യാക്കോബായ വിഭാഗക്കാരനായ തനിക്ക് വോട്ട് പിടിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തോടെ റോയ് സാർ രംഗം നിറച്ചു. പക്ഷേ കഥ ഇവിടെ തീരുന്നില്ല… ജോസഫ് വിഭാഗം പ്രവർത്തകർ നമ്മൾ കാണുന്നില്ല, കേൾക്കുന്നില്ല എന്ന സ്റ്റൈലിൽ ഒന്ന് സൈഡിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, ഇവരെ കൂടെ കൊണ്ടില്ലെങ്കിൽ കളി കാര്യമാകും എന്ന് മനസ്സിലാക്കിയ റോയ് കെ. പൗലോസ്, തൊടുപുഴയിലെ ഒരു മുതിർന്ന നേതാവിന്റെ സാന്നിധ്യത്തിൽ അടിയന്തര സമാധാന ചർച്ച വിളിച്ചു. അവസാനം: സ്ഥാനമാനങ്ങൾ എടുത്തുമാറ്റും എന്ന ലളിതമായ പ്രചോദന വാക്കുകൾ കേട്ടതോടെ, മുൻപ് സീറ്റ് സ്വപ്നം കണ്ടിരുന്ന ജോസഫ് നേതാക്കൾ തന്നെ പ്രചാരണ വേദിയിലേക്ക്! എന്നാൽ അവസ്ഥ എന്ത്? സ്വന്തം പേരിൽ സ്വീകരണം ഒരുക്കിയ വഴികളിലൂടെ, മറ്റൊരാൾക്ക് കൈയ്യടിക്കേണ്ടി വരുന്ന അവസ്ഥ… രാഷ്ട്രീയത്തിൽ ഇതിനെ ആത്മനിയന്ത്രണം എന്ന് വിളിക്കും!

“പ്രശ്നമൊന്നുമില്ലെന്ന് തെളിയിക്കാൻ ഇത്രയും പ്രയത്‌നമെടുക്കേണ്ടി വരുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം!”

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed