Last Updated on 25 Feb 2026 • 3:51 AM by Openzone Online

ഇടുക്കി: പെരിയാറിൽ മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് നാല് പെരുമ്പാമ്പുകൾ ചത്തനിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെരുമ്പാമ്പുകൾ മത്സ്യബന്ധന വലയിൽ കുടുങ്ങിക്കിടക്കുകയും മറ്റ് രണ്ടെണ്ണം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഈ സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

പെരിയാറിൽ വെള്ളം ഗണ്യമായി കുറഞ്ഞതോടെ നഞ്ചുകലക്കി മത്സ്യബന്ധനം വർദ്ധിച്ചിരിക്കുകയാണ്. ഇതിനിടെ വിഷാംശം കലർന്ന ജലം അല്ലെങ്കിൽ മലിനീകരണം മൂലമായിരിക്കാം പെരുമ്പാമ്പുകൾ കൂട്ടത്തോടെ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

ഫിഷറീസ് വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നു. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരവും പാമ്പുകളുടെ മരണകാരണം കണ്ടെത്തുന്നതിനുമായി വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പെരിയാറിലെ ഈ അസാധാരണ സംഭവം പരിസ്ഥിതി സുരക്ഷയെ കുറിച്ചുള്ള ഗുരുതര ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.

