Last Updated on 25 Mar 2026 • 3:07 PM by Openzone Online

ഇടുക്കി: ചേലച്ചുവട്ടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. ഓലിക്കൽ സ്വദേശിയായ സിബി (40) ആണ് മരിച്ചത്. കീരിത്തോട്ടിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചക്കയിടാൻ പ്ലാവിൽ കയറിയിരിക്കെ, ശിഖരം ഒടിഞ്ഞ് താഴെയുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ആണ് മരണം.സിബിയുടെ ഭാര്യ ജോമോൾ, മക്കൾ ഏബൽ, എഡ്വിൻ എന്നിവരാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് മലനാട് മേഖലകളിൽ, മരത്തിൽ കയറുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പല ജോലികളും നടക്കുന്നത് എന്നത് വീണ്ടും ചർച്ചയാകുകയാണ്. തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോകുന്ന ഇടനിലക്കാരും, ജോലി നൽകുന്ന ഉടമകളും സുരക്ഷ ഉറപ്പാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. ഇലക്ട്രിക് ലൈനുകൾക്കടുത്ത് ജോലികൾ നടത്തുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുപോലുള്ള അടിസ്ഥാന മുൻകരുതലുകൾ പോലും പലപ്പോഴും പാലിക്കപ്പെടുന്നില്ല.

മരത്തിൽ കയറുന്ന ജോലികളിൽ സുരക്ഷാ ബെൽറ്റ്, ഹെൽമെറ്റ്, ഗ്ലൗസ്, non-slip ചെരിപ്പ് എന്നിവ നിർബന്ധമാക്കേണ്ടതുണ്ടെങ്കിലും, പ്രായോഗികമായി ഇത് പല സ്ഥലങ്ങളിലും നടപ്പിലാകുന്നില്ല. അപകട സാധ്യതയുള്ള ശാഖകൾ മുൻകൂട്ടി പരിശോധിക്കുന്നതും, പരിശീലനം ലഭിച്ച തൊഴിലാളികളെ മാത്രം നിയോഗിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നു.തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ലേബർ വകുപ്പിന്റെ ഉത്തരവാദിത്വമായിരിക്കെ, ഇത്തരം ജോലികൾ നടക്കുന്ന സ്ഥലങ്ങളിൽ കാര്യക്ഷമമായ പരിശോധനകൾ നടക്കുന്നില്ല എന്ന് പൊതുപ്രവർത്തകനായ പി കെ ജയൻ ആരോപിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, ഇത്തരം അപകടങ്ങളിൽ തൊഴിലുടമയ്‌ക്കെതിരെ നിയമനടപടികളും നഷ്ടപരിഹാര ബാധ്യതയും ഉണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ചേലച്ചുവട്ടിലെ ഈ ദുരന്തം, തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചകൾക്ക് വീണ്ടും മുന്നറിയിപ്പായി മാറുകയാണ്. ചെറിയ അശ്രദ്ധ പോലും ഒരു ജീവനെടുത്തേക്കാമെന്ന സത്യം ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു. ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ സൈറ്റുകളിൽ സുരക്ഷാ ഉപകരണങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് പോലും ലഭിക്കുമെന്ന് ഇരിക്കുകയാണ് അത് ഉപയോഗിക്കാത്തത്.

തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

