Last Updated on 26 Mar 2026 • 4:41 PM by Openzone Online

കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഏഴുതവണ കേരള നിയമസഭയിലെ അംഗമായിരുന്ന പി.സി ജോർജ് ഇത്തവണ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജനവിധി തേടുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ നെതിരെ മത്സരിച്ച് പരാജയപ്പെട്ട പിസി ജോർജ്, ഇത്തവണ എൻ ഡി എ യുടെ ഭാഗമായി പുതിയ പ്രതീക്ഷകളോടെയാണ് രംഗത്തെത്തുന്നത്. ഭാരതീയ ജനതാ പാർട്ടി അംഗത്വം അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് പുതിയ ദിശ നൽകുന്നുവെന്ന വിലയിരുത്തലുകളും ഉയരുന്നു.

സോഷ്യൽ മീഡിയയിൽ പിസി ജോർജിന് ലഭിക്കുന്ന പിന്തുണ ശ്രദ്ധേയമാണ്. സ്വകാര്യ ചാനലായ ദൃശ്യ ടിവിയുടെ ഓൺലൈൻ പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകളിൽ, ദേശീയ സുരക്ഷാ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത നേതാവെന്ന രീതിയിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന പ്രവണത കാണാം. ചിലർ തീവ്രവാദത്തിനെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ച ഏക നേതാവായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും ശ്രദ്ധേയമാണ്.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിവാദ പ്രസ്താവനകൾ പിസി ജോർജിന് തിരിച്ചടിയായിരുന്നുവെന്ന വിലയിരുത്തൽ നിലനിൽക്കുന്നു. അന്ന് ശക്തമായ മാധ്യമ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ അത്തരം പ്രതികരണങ്ങൾ കുറവാണെന്നതാണ് അദ്ദേഹത്തിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നത്.മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും വ്യത്യസ്തമാണ്. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുള്ള ചില മത-സാമൂഹിക ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവ ഭൂരിപക്ഷ വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ലെന്ന വിലയിരുത്തലുകളും നിലനിൽക്കുന്നു. മറുവശത്ത്, നിലവിലെ എംഎൽഎയായ സെബാസ്റ്റ്യൻ കൊളുത്തുങ്കലിന്റെ വികസന പ്രവർത്തനങ്ങളിൽ ഉണ്ടായ മന്ദഗതി സംബന്ധിച്ച വിമർശനങ്ങളും ഉയരുന്നുണ്ട്.

ഇതിനിടെ, പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പാലാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി സജീവമായ പ്രചാരണ രംഗത്തുണ്ടെന്നത് കുടുംബ രാഷ്ട്രീയത്തിന്റെ സ്വാധീനവും ശക്തിപ്പെടുത്തുന്ന ഘടകമായി കണക്കാക്കപ്പെടുന്നു.അപ്പനും മകനും ഒരുമിച്ച് നിയമസഭയിലെത്തുന്ന സാധ്യതകൾ വരെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുമ്പോൾ, കോട്ടയം ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ മാറ്റം സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പായേക്കാമെന്ന വിലയിരുത്തലും ഉയരുന്നു.

സമീപകാലത്ത് സംസ്ഥാനത്ത് ചർച്ചയായ “നർക്കോട്ടിക് ജിഹാദ്” പോലുള്ള വിഷയങ്ങളും, പാലാ ബിഷപ്പ് ഹൗസിനെ ചുറ്റിപ്പറ്റിയ സംഭവവികാസങ്ങളും, അതിൽ ഇടതു വലത് മുന്നണികൾ സ്വീകരിച്ച നിലപാടുകളും എല്ലാം ചേർന്നതാണ് പൂഞ്ഞാറിലെയും പാലായിലെയും തെരഞ്ഞെടുപ്പ് അന്തരീക്ഷം രൂപപ്പെടുന്നത്. ഇതെല്ലാം ചേർന്നപ്പോൾ, പൂഞ്ഞാറിൽ ഇത്തവണ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. വ്യക്തി സ്വാധീനവും മുന്നണി ശക്തിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്ന ഈ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന് പുതിയ ദിശ നിർണ്ണയിക്കുമോ എന്നതാണ് ഇനി കാത്തിരിക്കേണ്ടത്.

