Last Updated on 23 Mar 2026 • 4:23 PM by Openzone Online

ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതിനു പിന്നിൽ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരാണ് എന്ന് ആരോപിച്ച് മുൻ ഡിസിസി പ്രസിഡണ്ട് ജോയി തോമസ്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന രീതിയിലാണ് ഇപ്പോൾ ഈ ആരോപണം ഉയർന്നിരിക്കുന്നത്. ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ധീരജിന് കുത്തേറ്റത്. സ്ഥലത്ത് എത്തിയ മുൻ ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്റെ കാറിലാണ് ധീരജിനെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാൻ സാധിച്ചില്ല. ആക്രമണത്തിൽ പരിക്കേറ്റ ധീരജ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന യാത്രാമധ്യേ കൊല്ലപ്പെട്ടതാകാമെന്നതാണ് ജോയി തോമസ് ഉയർത്തുന്ന ആരോപണം. ആ യാത്രയിൽ എന്താണ് സംഭവിച്ചതെന്ന് മാർക്സിസ്റ്റ് പാർട്ടി വ്യക്തമാക്കണമെന്നാണ് ജോയ് തോമസ് ആവശ്യപ്പെടുന്നത്. ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ ധീരജ് വധത്തിന് പിന്നിലുള്ള യഥാർത്ഥ ആളുകളെ പുറത്തുകൊണ്ടുവരുമെന്നും ജോയ് തോമസ് അവകാശപ്പെടുന്നു.

2022-ലാണ് ധീരജ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇത്തരത്തിലുള്ള ഒരു ആരോപണം പരസ്യമായി ഒരു വേദികളിലും ആരും ഉയർത്തിയിരുന്നില്ല. പല പ്രവർത്തകരും പരസ്പരം ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ചെറുതോണി ടൗണിൽ ചേർന്ന യോഗത്തിൽ ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നതോടെ ധീരജ് വധം വീണ്ടും ചർച്ചയാവുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നായ്ക്കൾ ഓലിയിടുന്ന സ്വഭാവത്തോടെയാണ് നടക്കുന്നതെന്നും ജോയി തോമസ് ആരോപിച്ചു. മാത്രമല്ല, വാഴത്തോപ്പ് പഞ്ചായത്തിലെ വനിത മെമ്പർമാരെ ആക്രമിക്കാൻ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർ തയ്യാറായാൽ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും ജോയി തോമസ് ഭീഷണി മുഴക്കി. അത്തരത്തിൽ ആളുകളുടെ കയ്യും കാലും തല്ലിയൊടിക്കാൻ ശേഷിയുള്ള വനിതാ നേതൃത്വത്തെയാണ് പഞ്ചായത്ത് ഭരണസമിതിയിൽ നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ തുറന്നുപറച്ചിൽ കൂടിയായിരുന്നു ഇന്നലെ ചെറുതോണിയിൽ ചേർന്ന യോഗത്തിൽ ഉണ്ടായത്.

എൽഡിഎഫിന്റെ മെമ്പറായ സിജി ചാക്കോയുടെ മുഖത്തടിച്ച് പല്ലുകൾ ഇളക്കിയ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് ആരോപണം നേരിട്ടിരുന്നു. ആൻസി തോമസിന്റെ സാരി സിജി ചാക്കോ വലിച്ചുപറിച്ചുവെന്ന പരാതിയും ഉയർന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ചെറുതോണിയിൽ ഇന്നലെ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.
