Last Updated on 12 Aug 2026 • 2:29 PM by Openzone Online

ചെറുതോണി: ശക്തമായ മഴയിൽ ചെറുതോണി ടൗണിലൂടെ മലിനജലവും മാലിന്യങ്ങളും കലർന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തിയത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതമായി. ചെറുതോണി–മണിയാറൻകൂടി റോഡിൽ വഞ്ചിക്കവല ഭാഗത്തുനിന്നും മറ്റും ഒഴുകിയെത്തുന്ന മഴവെള്ളമാണ് ടൗണിൽ റോഡിലൂടെ ഒഴുകിയത്. ഡ്രൈനേജ് സംവിധാനങ്ങൾ കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണമെന്നാണ് പരാതി. പല സ്ഥലങ്ങളിലും ഓടകൾ മാലിന്യം നിറഞ്ഞും കാടുകയറിയും കിടക്കുകയാണ്. ഇതോടെ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും മലിനജലവും റോഡിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്.

വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും ശക്തമായി തെറിച്ചുകയറുകയാണ്. നിരവധി കടകളുടെ ഉള്ളിലേക്കും മലിനജലം ഒഴുകിയെത്തിയതായി വ്യാപാരികൾ പറയുന്നു. കാൽനടയാത്രയും ഇതോടെ ദുസ്സഹമായി.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം എൻജിനീയറുമായി ബന്ധപ്പെട്ടതായും നാളെ രാവിലെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചതായും കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡൻറ് സി.പി. സലിം അറിയിച്ചു. ഡ്രൈനേജുകൾ അടിയന്തരമായി വൃത്തിയാക്കി മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

