OpenZone Banner

Last Updated on 23 Mar 2026 • 3:53 PM by Openzone Online

Advertisement

20 വർഷം മുൻപ് ആരംഭിച്ചതാണ് വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറ ചപ്പാത്തുംപടി കുടിവെള്ള പദ്ധതി. ചിന്നാർ പുഴയെ ആശ്രയിച്ചാണ് പദ്ധതിയുടെ കുളം നിർമ്മിച്ചിരിക്കുന്നത്. പുഴയിലെ ജലം കുളത്തിലേക്ക് കടത്തിവിട്ട് ശുദ്ധീകരിച്ചാണ് 60 ഓളം കുടുംബങ്ങൾ ഉപയോഗിച്ചുവന്നിരുന്നത്. വേനൽ ആയാൽ പുഴയിലെ വെള്ളം താഴുന്നതിനാൽ പുഴയിലുള്ള പാറകളെ ബന്ധിപ്പിച്ച് മണൽ ചാക്കുകൾ അടുക്കി വെള്ളം തടഞ്ഞു നിർത്തി ജലത്തിന്റെ അളവ് വർദ്ധിപ്പിച്ച് കുളത്തിലേക്ക് കടത്തിവിട്ടാണ് ഉപയോഗിച്ചുവന്നിരുന്നത്. മഴക്കാലത്ത് പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ച് മണൽ ചാക്കുകൾ ഒഴുകിപ്പോകുന്നതിനാൽ എല്ലാവർഷവും ഈ പ്രവർത്തി തുടർന്നു പോരുകയായിരുന്നു. ഈ ബുദ്ധിമുട്ടുകൾ മൂന്ന് വർഷം മുമ്പ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും നാട്ടുകാരുടെ ആവശ്യപ്രകാരം പുഴയ്ക്ക് കുറുകെ ഒന്നര മീറ്റർ ഉയരത്തിൽ ഒരു ചെക്ക് ഡാം നിർമ്മിക്കുവാൻ തീരുമാനിക്കുകയും ഇതിനായി 87 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത നാട്ടുകാരൻ കൂടിയായ കരാറുകാരൻ കഴിഞ്ഞവർഷം മുതലാണ് പണി ആരംഭിച്ചത്. എന്നാൽ പുഴയുടെ ഇരു കരകളെയും ബന്ധിപ്പിക്കുവാനുള്ള കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി പുഴയിലെ ഉയർന്ന നിന്നിരുന്ന പാറകൾ പൊട്ടിച്ചു മാറ്റിയതിനുശേഷം ഒരു അറിയിപ്പുമില്ലാതെ പണി നിർത്തിവയ്ക്കുകയാണ് ഉണ്ടായത്.പുഴയിലെ പാറകൾ പൊട്ടിച്ചു മാറ്റിയതോടെ മണൽ ചാക്കുകൾ അടുക്കി താൽക്കാലിക തടയണ നിർമ്മിക്കുവാനുള്ള വഴിയും തടസ്സപ്പെട്ടു. വലിയ കുന്നിന് മുകളിലാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ എന്നതിനാൽ വാഹനത്തിൽ വെള്ളം എത്തിക്കുവാനും വലിയ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട അധികാരികൾ സാധാരണക്കാരായ തങ്ങളുടെ ദുരിതം കാണണമെന്നും, എത്രയും വേഗം ചെക്ക് ഡാമിന്റെ പണികൾ പൂർത്തീകരിക്കുവാൻ കരാറുകാരനിൽ സമ്മർദ്ദം ചെലുത്തുകയോ കരാർ മാറ്റി നൽകുകയോ ചെയ്തു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed