OpenZone Banner

Last Updated on 21 Feb 2026 • 7:30 AM by Openzone Online

Advertisement

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിൽ നടന്ന കമ്മിറ്റി യോഗത്തിനിടെ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി പ്രതിപക്ഷ അംഗമായ സിജി ചാക്കോ വലിച്ചുപറിച്ചെന്ന ഗുരുതര ആരോപണം . സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ നിലനിന്നതോടെ ഇടുക്കി പോലീസിന്റെ കർശന കാവലിലാണ് കമ്മിറ്റി നടപടികൾ പൂർത്തീകരിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ശക്തമായ വാക്പോരാണ് നിലനിന്നിരുന്നത്. ഇതിന്റെ തുടർച്ചയായി ഇന്ന് നടന്ന കമ്മിറ്റി യോഗത്തിനിടെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ മുൻപ് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ഉയർന്നിരുന്ന “കള്ളി കള്ളി പെരുങ്കള്ളി” എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗമായ സിജി ചാക്കോ വീണ്ടും വിളിച്ചതോടെ വാക്കേറ്റം രൂക്ഷമായി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി.

ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസിന്റെ സാരി സിജി ചാക്കോ വലിച്ചുപറിച്ചതായി ആരോപണം ഉയർന്നത്. സംഭവത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു.നിലവിൽ എസ്‌ഐമാരായ സാബു തോമസ്, ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പഞ്ചായത്ത് ഓഫീസിൽ കാവൽ നിൽക്കുന്നത്. സംഘർഷാവസ്ഥ തുടരുന്നതിനാൽ പോലീസ് സാന്നിധ്യത്തിലാണ് കമ്മിറ്റി നടപടികൾ പുരോഗമിക്കുന്നത്.

പ്ലാൻ ഫണ്ട് വകമാറ്റിയെന്നാരോപിച്ച് നേരത്തെ തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ എല്ലാ മെമ്പർമാരുടെയും സാന്നിധ്യത്തിലാണ് ഫണ്ടുകൾ വകമാറ്റിയതെന്നും, മുൻ ഭരണസമിതി നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികളാണ് ഉൾപ്പെടുത്തിയിരുന്നതെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫണ്ട് ലാപ്സ് ആകാതിരിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികൾക്കായി പണം മാറ്റിവച്ചതെന്നും പ്രസിഡണ്ട് വ്യക്തമാക്കി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed