Last Updated on 03 Nov 2026 • 2:22 AM by Openzone Online

Advertisement

ഇടുക്കി: ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് നവംബർ 3 ലോക ബയോസ്ഫിയർ റിസർവ് ദിനം.

യുനെസ്കോയുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും ദിനാചരണം നടത്തുന്നത്. വനങ്ങൾ, പുൽമേടുകൾ, നദികൾ, നീർത്തടങ്ങൾ, അപൂർവ സസ്യജന്തുജാലങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ഉപജീവനവും ഉറപ്പാക്കുകയാണ് ബയോസ്ഫിയർ റിസർവുകളുടെ പ്രധാന ലക്ഷ്യം.

ഒരു ബയോസ്ഫിയർ റിസർവിൽ പ്രധാനമായും മൂന്ന് മേഖലകളാണുള്ളത്. കർശനമായി സംരക്ഷിക്കുന്ന കോർ മേഖല, നിയന്ത്രിതമായ ഗവേഷണ-പരിസ്ഥിതി പ്രവർത്തനങ്ങൾ അനുവദിക്കുന്ന ബഫർ മേഖല, ജനവാസവും കൃഷിയും ഉൾപ്പെടെയുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടക്കുന്ന ട്രാൻസിഷൻ മേഖല എന്നിവയാണവ.

ഇന്ത്യയിൽ നിലവിൽ 18 ബയോസ്ഫിയർ റിസർവുകളാണുള്ളത്. ഇതിൽ 13 എണ്ണത്തിന് യുനെസ്കോയുടെ അന്താരാഷ്ട്ര ശൃംഖലയിൽ അംഗീകാരമുണ്ട്. കേരളത്തിൽ നീലഗിരി, അഗസ്ത്യമല എന്നീ രണ്ട് ബയോസ്ഫിയർ റിസർവുകളാണുള്ളത്.

നീലഗിരി റിസർവിന്റെ കേരളത്തിലെ ഭാഗങ്ങളിൽ വയനാട്, സൈലന്റ് വാലി, നിലമ്പൂർ തുടങ്ങിയ വനമേഖലകളും അഗസ്ത്യമല റിസർവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വനമേഖലകളുമാണ് ഉൾപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ പ്രധാന ഭാഗമായ ഇടുക്കിയിൽ ഇരവികുളം, ചിന്നാർ, പെരിയാർ തുടങ്ങിയ സമ്പന്നമായ വനമേഖലകളും ഷോല വനങ്ങളും പുൽമേടുകളും അപൂർവ ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളുമുണ്ടെങ്കിലും ജില്ലയിലെ വനമേഖലകൾ നിലവിലുള്ള ഈ രണ്ട് ബയോസ്ഫിയർ റിസർവുകളുടെയും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

അതേസമയം ഇടുക്കിയിലെ പെരിയാർ, ഇരവികുളം, ചിന്നാർ തുടങ്ങിയ മേഖലകൾ പശ്ചിമഘട്ടത്തിന്റെ യുനെസ്കോ ലോക പ്രകൃതിപൈതൃക പട്ടികയിലെ ഭാഗങ്ങളാണ്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ജലസ്രോതസ്സുകളുടെ പരിപാലനവും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കലും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കലും കൂടുതൽ പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിലാണ് ലോക ബയോസ്ഫിയർ റിസർവ് ദിനം ആചരിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *