Last Updated on 01 Nov 2026 • 6:09 AM by Openzone Online

ചെറുതോണി: രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ നിർണായക ദൗത്യങ്ങളിലൊന്നായ ഓപ്പറേഷൻ സിന്ദൂറിൽ പങ്കാളിയായ മണിയാറൻകുടി സ്വദേശി അജ്മൽ എം.എ. 16 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള സൈനിക ദൗത്യങ്ങളിൽ പങ്കെടുത്തതും അതിർത്തികളിലെ ദുഷ്കരമായ സാഹചര്യങ്ങളിൽ സേവനമനുഷ്ഠിച്ചതും അജ്മലിന്റെ സൈനികജീവിതത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളാണ്. 2026 ഒക്ടോബർ 31നാണ് അദ്ദേഹം സൈനിക സേവനത്തിൽനിന്ന് വിരമിച്ചത്.
മണിയാറൻകുടി മാങ്കുഴിയിൽ അലിയുടെയും ജമീലയുടെയും മകനായ അജ്മൽ ഏഴാം ക്ലാസ് വരെ മണിയാറൻകുടി സ്കൂളിലാണ് പഠിച്ചത്. വോളിബോളിനോട് താൽപര്യമുണ്ടായിരുന്ന പിതാവിനൊപ്പം വയലാർ ക്ലബ്ബിൽ കളി കാണാനും കളിക്കാനുമൊക്കെ പോയതാണ് അജ്മലിനെ ഈ കായികരംഗത്തേക്ക് ആകർഷിച്ചത്.

2006ൽ വാഴത്തോപ്പ് സെന്റ് ജോർജ് വോളിബോൾ അക്കാദമിയിൽ പയോസ് മാത്യുവിന്റെ പരിശീലനത്തിൽ കളി അഭ്യസിച്ചു. 2008ൽ കേരള ജൂനിയർ ടീമിൽ ഇടംനേടി ഓൾ ഇന്ത്യ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
2009ൽ പാലാ സെന്റ് തോമസ് കോളേജിൽ അധ്യാപകനായ നവാസിൻ്റെ കീഴിൽ പരിശീലനം തുടർന്നു. ഈ പരിശീലനകാലമാണ് അജ്മലിന്റെ കായികജീവിതത്തിന് കൂടുതൽ കരുത്തുപകർന്നത്. 2010 സെപ്റ്റംബർ 20ന് വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിന്റെ സൈനിക വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതത്തിൽ പുതിയ അധ്യായം തുറന്നു. തുടർന്ന് 27 മദ്രാസ് റെജിമെന്റിൽ ഹവിൽദാറായി സേവനമനുഷ്ഠിച്ചു. അഞ്ച് തവണ ഇന്റർ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അജ്മൽ, 2026ൽ അഹമ്മദാബാദിൽ നടന്ന 11 റാപ്പിഡ് ഡിവിഷൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു.
ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച അജ്മലിന് 2017ൽ ജമ്മു കശ്മീരിലേക്ക് നിയമനം ലഭിച്ചു. അതിർത്തിയിൽ മൂന്ന് വർഷം സേവനം ചെയ്തു. തുടർന്ന് അരുണാചൽ പ്രദേശിലെ രണ്ടാം ഗ്ലേസിയർ മേഖലയിൽ മൈനസ് 20 ഡിഗ്രി വരെ താപനില താഴുന്ന അതിശൈത്യത്തിലും മൂന്ന് വർഷം രാജ്യത്തെ സേവിച്ചു. പിന്നീട് ഗുജറാത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.അരുണാചൽ പ്രദേശിൽനിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി അജ്മലിന് ദൗത്യത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചത്. തുടർന്ന് രാജസ്ഥാൻ അതിർത്തിയിലേക്കും നിയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിർണായകമായ സൈനിക ദൗത്യത്തിൽ പങ്കാളിയായതിന്റെ അഭിമാനവുമായാണ് അദ്ദേഹം വിരമിക്കൽ ജീവിതത്തിലേക്ക് കടക്കുന്നത്.
വോളിബോൾ മൈതാനത്ത് നിന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതലയിലേക്ക് എത്തിയ അജ്മൽ പിന്നീട് 16 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. സൈനിക ജീവിതത്തിനിടയിലും കായികരംഗവുമായുള്ള ബന്ധം നിലനിർത്തിയ അദ്ദേഹം വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ദീർഘകാലത്തെ സൈനിക സേവനത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ അജ്മലിനെ ആദരിക്കാനാണ് നാട്ടിലെ കായികപ്രേമികളും ക്ലബ്ബും ഒരുങ്ങുന്നത്.
നവംബർ 14ന് വൈകിട്ട് നാലുമണി മുതൽ വയലാർ വോളി ഫീൽഡ്സ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. കേരളത്തിലെ പ്രമുഖ വോളിബോൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. അജ്മൽ എം.എയ്ക്കുള്ള ആദരവ് ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും.ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എം.എൽ.എ റോയി കെ. പൗലോസ് അജ്മലിനെ ആദരിക്കും.

ഒന്നാം സമ്മാനമായി 10,001 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 7,001 രൂപയും എവറോളിംഗ് ട്രോഫിയും നൽകും.ഒരു കായികതാരമായി വളർന്ന് രാജ്യത്തിനുവേണ്ടി ജീവിതത്തിലെ നിർണായകമായ 16 വർഷങ്ങൾ സമർപ്പിച്ച നാട്ടുകാരനെ ആദരിക്കുന്നതിനൊപ്പം, പുതിയ തലമുറയ്ക്ക് കായികരംഗത്തേക്കും രാജ്യസേവനത്തിലേക്കും പ്രചോദനമാകുന്ന ഒരു സന്ദേശം പകരുക കൂടിയാണ് ഈ വോളിബോൾ ടൂർണമെന്റിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. റിട്ടയർമെൻറ് കാലം വോളിബോൾ മേഖലയ്ക്ക് സമർപ്പിക്കാൻ തന്നെയാണ് അജ്മലിന്റെ ആഗ്രഹം.

