Last Updated on 11 Oct 2026 • 2:30 PM by Openzone Online

അടിമാലി: ഇടുക്കി ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണികളിലൊരാളെന്ന് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്ന യുവാവിനെ എംഡിഎംഎയുമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശിയായ അജിത്ത് വി.പി. (26) ആണ് പിടിയിലായത്. ശനിയാഴ്ച അടിമാലി ചാറ്റുപാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തി കേസെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ അർജുൻ ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതി സഞ്ചരിച്ചിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിലെ പ്രധാന കണ്ണികളിലൊരാളാണ് പ്രതിയെന്നാണ് പ്രാഥമിക നിഗമനം.
ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന ശൃംഖലയെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ പി., മുകേഷ് ആർ., അനൂപ് പി.എസ്., മാനുവൽ ജേക്കബ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷാരാമോൾ ഇ.എൻ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


