Last Updated on 09 Oct 2026 • 2:01 PM by Openzone Online

Advertisement

വണ്ടൻമേട്: പഴയകൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സഹപൂജാരിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ഏഴുകോൺ അമ്പലത്തുകാല സ്വദേശി കെ.യു. മിഥുനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ ഫെബ്രുവരി 16-നാണ് ക്ഷേത്രത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ക്ഷേത്രഭരണസമിതി അറിയുന്നത്.

അന്നത്തെ ക്ഷേത്ര സെക്രട്ടറി സുരേന്ദ്രൻ നായർ മാടപ്പാട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി ആറു മുതൽ 18 വരെ ക്ഷേത്രത്തിൽ താൽക്കാലിക പൂജാരിയായി ജോലി ചെയ്തിരുന്ന മിഥുനാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.

മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ചിലത് സ്വർണക്കടകളിൽ വിറ്റതായും ശേഷിച്ച സ്വർണം ഉപയോഗിച്ച് മറ്റ് ആഭരണങ്ങൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. അലമാരയ്ക്ക് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നതിനാൽ മോഷണത്തിൽ ക്ഷേത്ര സെക്രട്ടറിക്ക് പങ്കുണ്ടാകാമെന്ന ആരോപണവും ഉയർന്നിരുന്നു.

ഇതേത്തുടർന്ന് സ്വന്തം പുരയിടം വിറ്റ് സുരേന്ദ്രൻ നായർ ക്ഷേത്രത്തിലേക്ക് ആഭരണങ്ങൾ വാങ്ങിനൽകിയിരുന്നു. യഥാർഥ പ്രതിയെ കണ്ടെത്തിയ സാഹചര്യത്തിൽ, താൻ വാങ്ങിനൽകിയ സ്വർണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രൻ നായർ. അറസ്റ്റിലായ മിഥുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed