Last Updated on 08 Oct 2026 • 5:51 AM by Openzone Online

Advertisement

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാറിൽ കുടുംബക്ഷേത്രം കുത്തിത്തുറന്ന് ഓട്ടുവിളക്കുകൾ, ഉരുളി, വെള്ളിക്കുടങ്ങൾ, നേർച്ചപ്പെട്ടി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു. അയ്യപ്പൻകോവിൽ മാട്ടുംകൂട് ഭാഗത്ത് മെച്ചേരിയിൽ വീട്ടിൽ രവിയുടെ കുടുംബക്ഷേത്രമായ ആഞ്ഞിലിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.ഒരു ഇടവേളയ്ക്ക് ശേഷമാണ് വണ്ടിപ്പെരിയാർ മേഖലയിൽ വീണ്ടും ക്ഷേത്രം കുത്തിത്തുറന്നുള്ള മോഷണം റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രത്തിലെ വിളക്കുകളും നേർച്ചപ്പെട്ടിയും മറ്റ് പൂജാസാമഗ്രികളും സൂക്ഷിച്ചിരുന്ന മുറി കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.15 ഓട്ടുവിളക്കുകൾ, വലിയ ഉരുളി, രണ്ട് വെള്ളിക്കുടങ്ങൾ, ചെറിയ നെയ്യ് വിളക്കുകൾ, പിച്ചളക്കുട്ടകം, അഞ്ച് പിച്ചളച്ചട്ടുകങ്ങൾ, നേർച്ചപ്പെട്ടി എന്നിവയാണ് മോഷണം പോയത്.

ദിവസവും രാവിലെ ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കാനെത്തുന്ന വീരൻ എന്നയാളാണ് മോഷണവിവരം ആദ്യം അറിയുന്നത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.

സമാനരീതിയിൽ മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് സബ് ഇൻസ്പെക്ടർ അക്ബർ സാദിഖ് അറിയിച്ചു.ഇതിനിടെ വണ്ടിപ്പെരിയാറിലെ നെല്ലിമലയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷണം പോയതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. രണ്ട് മോഷണസംഭവങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed