Last Updated on 08 Oct 2026 • 4:12 PM by Openzone Online

വണ്ടിപ്പെരിയാർ:വണ്ടിപ്പെരിയാറിൽ ക്ഷേത്രത്തിനുള്ളിൽ കയറി ലക്ഷങ്ങൾ വിലമതിക്കുന്ന വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിലാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതികളെ പിടികൂടിയത്.
പെരിയാർ വില്ലേജിലെ നെല്ലിമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അരുൺ (34), ആറ്റോരം ഭാഗത്തെ ഒറ്റപ്ലാക്കൽ വീട്ടിൽ രഞ്ജിത് (30), ചോറ്റുപാറയിലെ കോണിമാറ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ശിവ (29) എന്നിവരാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ നെല്ലിമല ആറ്റോരം ഭാഗത്തെ ദേവീക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ താഴ് തകർത്താണ് മോഷണം നടത്തിയത്. ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകൾ, വെള്ളിക്കുടങ്ങൾ, ചെമ്പുകുടങ്ങൾ, വലിയ ഉരുളികൾ എന്നിവയാണ് മോഷ്ടിച്ചത്.സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, ജയ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

എഎസ്ഐമാരായ ബിനോയ്, സതീഷ് ചന്ദ്രൻ, സന്തോഷ്, റെജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബഷീർ, സനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

