Last Updated on 08 Oct 2026 • 5:35 AM by Openzone Online

കൊച്ചി: കളമശേരി സ്പാ പീഡനക്കേസിൽ അതിജീവിതയെ ഏറ്റവും ക്രൂരമായി ലൈംഗികമായി ഉപദ്രവിച്ചത് ‘അമ്മു’ എന്ന ശരണ്യയാണെന്ന് യുവതിയുടെ മൊഴി. ഒരു സ്ത്രീ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് യുവതി വീണ്ടും സ്പായിലെത്തിയത്. എന്നാൽ, അവിടെവച്ച് ശരണ്യയും മറ്റ് പ്രതികളും ചേർന്ന് യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് മൊഴി.
ശരണ്യ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്ന സമയത്ത് ശരണ്യയുടെ സുഹൃത്ത് സഞ്ജു പുറത്ത് കാവൽ നിന്നതായും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളും കാവൽ നിന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ശരണ്യ ഉൾപ്പെടെയുള്ള മൂന്ന് പേരാണ് ഉള്ളതെന്നാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ പരസ്യം നൽകിയാണ് യുവതിയെ സംഘം സമീപിച്ചത്.
അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചതായി പറഞ്ഞ് വൈകിട്ട് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർ അവിടെയുണ്ടെന്ന വിശ്വാസത്തിലാണ് യുവതി എത്തിയത്. എന്നാൽ, അവിടെവച്ച് മദ്യത്തിലും ഐസ്ക്രീമിലും ലഹരിവസ്തുക്കൾ കലർത്തി നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിനിടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞുവെച്ചതായും റിപ്പോർട്ടുകളുണ്ട്. മണിക്കൂറുകളോളം പീഡനത്തിനിരയായ യുവതി പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് പ്രതികൾ വിട്ടയച്ചതെന്നാണ് അന്വേഷണത്തിൽ പറയുന്നത്.
തുടർന്ന് യുവതി ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ സ്പാ നടത്തിപ്പുകാരനായ ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ എന്ന അമ്മു എന്നിവരാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ശരണ്യയും സുഹൃത്ത് സഞ്ജുവും ഒളിവിൽ പോയിരുന്നെങ്കിലും ഇരുവരെയും വയനാട്ടിലെ പുൽപ്പള്ളിയിൽനിന്ന് പോലീസ് പിടികൂടി.
സ്പായുടെ മറവിൽ യുവതികളെ ചൂഷണം ചെയ്യുന്ന സംഘമാണോ സംഭവത്തിന് പിന്നിലെന്നും പ്രതികൾക്ക് ലഹരി, ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. യുവതിയെ ജോലിയുടെ പേരിൽ എത്തിച്ച് പിന്നീട് ചൂഷണത്തിനായി ഉപയോഗിക്കുകയായിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.


