Last Updated on 20 Aug 2026 • 3:51 AM by Openzone Online

തിരുവനന്തപുരം: ഈ വർഷം അവസാനത്തോടെ ശക്തമായ എൽനിനോ പ്രതിഭാസം രൂപപ്പെടാനുള്ള സാധ്യത വർധിക്കുന്നതായി അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില ഉയരുന്നതാണ് എൽനിനോയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ്–ഒക്ടോബർ കാലയളവിൽ പ്രതിഭാസം ശക്തിപ്പെടുകയും നവംബർ–ഡിസംബർ മാസങ്ങളിൽ ഉച്ചസ്ഥിതിയിലെത്തുകയും ചെയ്യാനുള്ള സാധ്യതയാണുള്ളത്.
എൽനിനോ ശക്തമാകുന്നത് ആഗോളതലത്തിൽ മഴയുടെ വിതരണത്തിലും താപനിലയിലും മാറ്റങ്ങൾക്ക് കാരണമാകാം. ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ഉയരുമ്പോൾ മറ്റു ചില മേഖലകളിൽ വരൾച്ചയും ഉഷ്ണതരംഗങ്ങളും ശക്തമാകാം. സമുദ്രത്തിലെ അധിക ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണം.

കേരളത്തിൽ എൽനിനോ മാത്രം അടിസ്ഥാനമാക്കി തീവ്രമഴയോ പ്രളയമോ പ്രവചിക്കാനാകില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില, IOD, MJO, പ്രാദേശിക കാലാവസ്ഥാ ഘടകങ്ങൾ എന്നിവയും കേരളത്തിലെ മഴയെ സ്വാധീനിക്കും. അതിനാൽ വരും മാസങ്ങളിൽ അപ്രതീക്ഷിത ശക്തമായ മഴ, മഴയിലെ ഇടവേളകൾ, ഉയർന്ന താപനില തുടങ്ങിയ തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾക്കുള്ള സാധ്യത നിരീക്ഷിക്കേണ്ടതുണ്ട്.
അതേസമയം, കടൽ 200–250 മീറ്റർ ആഴം വരെ ചൂടാകും സാധാരണ നൂറ് മുതൽ 150 മീറ്റർ ആഴം വരെ മാത്രമാണ് ചൂടാകാറുള്ളൂ. ശക്തമായ ചൂട് മൂലം മേഘങ്ങളിൽനിന്ന് ചൂട് നേരിട്ട് ഭൂമിയിലേക്ക് പടരുമെന്നാണ് വിവരം. എൽനിനോയുടെ സ്വാധീനം പ്രധാനമായും സമുദ്ര–അന്തരീക്ഷ പരസ്പരപ്രവർത്തനങ്ങളിലൂടെയും ആഗോള അന്തരീക്ഷ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയുമാണ് പ്രകടമാകുന്നത്.
