Last Updated on 15 Aug 2026 • 2:09 AM by Openzone Online

ചെറുതോണി :കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ടി.സി. മുരുകൻ ഇടുക്കി സി.ഐയായി ചുമതലയേറ്റു. നേരത്തെ ഇടുക്കി എസ്.ഐയായി സേവനമനുഷ്ഠിച്ചിരുന്ന ടി.സി. മുരുകൻ വീണ്ടും ഇടുക്കിയിലെത്തുന്നത് ശ്രദ്ധേയമാണ്. ഇടുക്കി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്ന ആതിര പവിത്രനെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. അതേസമയം, എറണാകുളം റൂറലിൽ നിന്ന് ബിബിൻ ടി.ബി. ഇടുക്കി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേൽക്കും. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ചെറുതോണി മേഖലയിലേക്ക് സി.ഐ ഓഫീസ് എത്തിക്കുന്നതിന്റെ ഭാഗമായി പൈനാവിലെ ഡി-33 പി.ഡബ്ല്യു.ഡി. ക്വാർട്ടേഴ്സ് സി.ഐ ഓഫീസായി അനുവദിച്ചു.
വഞ്ചിക്കവലയിലെ കെ.എസ്.ഇ.ബി. കെട്ടിടം സി.ഐ ഓഫീസാക്കുന്നതിനായി പ്രാദേശികമായി ചില ഇടപെടലുകൾ നടന്നിരുന്നെങ്കിലും അത് പരിഗണിക്കാതെ പൈനാവിലെ ഡി-33 ക്വാർട്ടേഴ്സാണ് സി.ഐ ഓഫീസായി തീരുമാനിച്ചത്. ഇതോടെ ഇടുക്കി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിനോട് കൂടുതൽ ചേർന്നുള്ള പ്രദേശത്ത് സി.ഐ ഓഫീസ് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുകയാണ്. സ്റ്റേഷൻ തലത്തിലെ പുതിയ ചുമതല ക്രമീകരണങ്ങളും ഉദ്യോഗസ്ഥരുടെ മാറ്റങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

