OpenZone Banner

Last Updated on 10 Aug 2026 • 3:20 PM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. കഞ്ഞിക്കുഴി, ഇടുക്കി പോലീസ് സ്റ്റേഷനുകളുടെ ചുമതലയിലായി പുതിയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.

രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു സർക്കിൾ ഇൻസ്പെക്ടർ എന്ന രീതിയിലായിരിക്കും ക്രമീകരണം. അതേസമയം, പോലീസ് സ്റ്റേഷനുകളുടെ ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് നൽകും.സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് സ്ഥിരമായി എവിടെ പ്രവർത്തിക്കണമെന്നതിലാണ് ഇപ്പോൾ പ്രധാന ചർച്ച. വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെ.എസ്.ഇ.ബി കോളനിയിലെ CR-6 ക്വാർട്ടേഴ്സിൽ ഓഫീസ് ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പൈനാവിലെ D-33 കെട്ടിടത്തിൽ ഓഫീസ് താൽക്കാലികമായി പ്രവർത്തിപ്പിച്ച ശേഷം, നിലവിൽ ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് മാറ്റുന്നതിനുള്ള സാധ്യതയും പരിഗണനയിലുണ്ട്.

മുൻപ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവിൽ ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങളുമായി കൂടുതൽ നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം സർക്കിൾ ഇൻസ്പെക്ടർ ഓഫീസിനായതിനാൽ, ഡിവൈഎസ്പി ഓഫീസ് പൈനാവിലേക്ക് മാറ്റി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിനെ ചെറുതോണിയിലെ നിലവിലെ ഡിവൈഎസ്പി ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് കൂടുതൽ പ്രായോഗികമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

പൈനാവ് പൂർണിമ ക്ലബ്ബിന് സമീപമുള്ള D-33 കെട്ടിടത്തിലാണ് നിലവിൽ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിനായി അനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ വഞ്ചിക്കവലയിലോ പൈനാവിലോ ഓഫീസ് സ്ഥിരമായി പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് എത്തിപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയുണ്ട്. ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ സർക്കിൾ ഇൻസ്പെക്ടറുടെ സേവനം വേഗത്തിൽ ലഭ്യമാകേണ്ടതിന്റെ ആവശ്യകതയും ഇതോടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ, കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് സ്ഥിരമായി പ്രവർത്തിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിക്കേണ്ടതുണ്ട്.

2018 വരെ പോലീസ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല സബ് ഇൻസ്പെക്ടർമാർക്കായിരുന്നു. പിന്നീട് ഈ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകുകയായിരുന്നു. പുതിയ സർക്കാർ ഉത്തരവിന്റെ ഭാഗമായി വീണ്ടും സ്റ്റേഷൻ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് നൽകുകയും, രണ്ട് സ്റ്റേഷനുകളുടെ മേൽനോട്ടത്തിനായി സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. പുതിയ സംവിധാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ തന്നെ സ്ഥിരമായി പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed