Last Updated on 07 Aug 2026 • 3:11 AM by Openzone Online

ചെറുതോണി : കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി മുന്‍ എം.എല്‍.എ റോഷി അഗസ്റ്റിന്‍. പ്രകൃതിദുരന്തം വിതച്ച അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം നേരിട്ടു സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രാജേഷിന്റെ വീട്ടിലെത്തിയ അദ്ദേഹം ആരോഗ്യവിവരങ്ങള്‍ ആരായുകയും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി. സ്‌കൂള്‍, കൈപ്പ സ്‌കൂള്‍, മൂലമറ്റം ഐ.എച്ച്.ഇ.പി. സ്‌കൂള്‍, കണ്ണിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലെത്തിയ റോഷി, താമസക്കാരുടെ സൗകര്യങ്ങളും ഭക്ഷണ-വൈദ്യസഹായങ്ങളും ഉറപ്പുവരുത്തി. തുടര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, കീരിത്തോട് ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു. പകുതി പാലം മേഖലയിലെ ജനങ്ങള്‍ എല്ലാ വര്‍ഷവും ദുരിതം അനുഭവിക്കുന്നവരാണെന്നും ഇവരുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ തുടരുന്ന കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഞായറാഴ്ച പകല്‍ മഴയ്ക്ക് ചെറിയ ശമനമുണ്ടായെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ശക്തമായി. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ജില്ലയിലെ കാര്‍ഷിക മേഖലയെ തച്ചുതകര്‍ത്തു. നിലവില്‍ ജില്ലയിലൊട്ടാകെയുള്ള 13 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുന്നൂറോളം പേരാണ് കഴിയുന്നത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും ഉറപ്പാക്കാന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് റോഷി അഗസ്റ്റിന്‍ അറിയിച്ചു.

