Last Updated on 05 Aug 2026 • 11:44 AM by Openzone Online

ചെറുതോണി :30 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണും പങ്കെടുത്തു.അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂര്‍, കാഞ്ചിയാര്‍, കൊക്കയാര്‍, വണ്ടന്മേട്, കൊന്നത്തടി, ഇരട്ടയാര്‍, കുമളി, ഉടുമ്പന്‍ചോല, ഇടവെട്ടി, അയ്യപ്പന്‍കോവില്‍, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുമാരമംഗലം, ബൈസണ്‍വാലി, ഉടുമ്പന്നൂര്‍, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകള്‍, തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകള്‍, കട്ടപ്പന നഗരസഭ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂര്ണസജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ ദീര്‍ഘകാലം തുടരാന്‍ കഴിയാത്തതിനാല്‍, ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ വാടകവീടുകള്‍ ക്രമീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും തനത് വരുമാനം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കുകയും ജൈവ വൈവിധ്യ സമിതികള്‍ യോഗം ചേരുകയും വേണമെന്ന് കളക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനത് വരുമാനം വര്‍ധിപ്പിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ഇടുക്കി ജില്ലയ്ക്ക് മികച്ച സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര-സംസ്ഥാന പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും സംയോജിപ്പിച്ച് കൂടുതല്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നും, ഇതിനായി കേന്ദ്ര പദ്ധതികളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും കളക്ടര്‍ അറിയിച്ചു.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അതിഥി തൊഴിലാളികള്‍ക്കിടയില്‍ മലേറിയ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ആരോഗ്യപരിശോധന കര്‍ശനമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
